ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സിഖ് വിഘടനവാദി നേതാവിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യൻ പൗരനെതിരെ കുറ്റം ചുമത്തി അമേരിക്കന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍.
52 കാരനായ നിഖില്‍ ഗുപ്ത എന്നയാള്‍ക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതകം, ക്വട്ടേഷന്‍ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നാണ് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്‌ട് മാത്യു ജി ഓള്‍സെൻ വ്യക്തമാക്കുന്നത്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ കൊല്ലാൻ ഒരു കൊലയാളിക്ക് 100000 ഡോളര്‍ നല്‍കാൻ ഗുപ്ത തയ്യാറായിരുന്നുവെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. “2023 ജൂണ്‍ 9-നോ അതിനോടടുത്ത ദിവസങ്ങളിലോ, കൊലപാതകത്തിനുള്ള അഡ്വാൻസ് പേയ്‌മെന്റായി ന്യൂയോര്‍ക്കിലെ മാൻഹട്ടനിലുള്ള യുസിയിലേക്ക് 15000 ഡോളര്‍ പണമായി കൈമാറാൻ ഗുപ്തയും മറ്റുള്ളവരും പദ്ധതിയിട്ടും” നിഖില്‍ ഗുപ്തയ്ക്ക് എതിരായ കുറ്റപത്രത്തില്‍ പറയുന്നു.കുറ്റപത്രത്തില്‍ യുഎസ് പൗരന്റെ പേരില്ല, എന്നാല്‍ സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ നേതാവായ ഗുര്‍പത്വന്ത് സിംഗ് പന്നൂവിനെ വധിക്കാനായിരുന്നു നീക്കമെന്നാണ് ദി ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൂഢാലോചന യുഎസ് അധികാരികള്‍ തകര്‍ത്തുവെന്നും സംഭവത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടുകള്‍ സംശയിക്കുകയും ചെയ്തിരുന്നു.
“ആരോപിക്കപ്പെടുന്നതുപോലെ, ഇന്ത്യയിലെ വംശീയ ന്യൂനപക്ഷ വിഭാഗമായ സിഖുകാര്‍ക്കായി ഒരു പരമാധികാര രാഷ്ട്രം സ്ഥാപിക്കുന്നതിനായി പരസ്യമായി വാദിച്ച ഇന്ത്യൻ വംശജനായ യുഎസ് പൗരനെ ന്യൂയോര്‍ക്ക് സിറ്റിയില്‍ വച്ച് കൊലപ്പെടുത്താൻ പ്രതി ഇന്ത്യയില്‍ നിന്ന് ഗൂഢാലോചന നടത്തി,” യുണൈറ്റഡ് സ്റ്റേറ്റ്സ് അറ്റോര്‍ണി ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിനായി ഡാമിയൻ വില്യംസ് പ്രസ്താവനയിലൂടെ പറയുന്നു.
തന്റെ ഓഫീസും നിയമ നിര്‍വ്വഹണ പങ്കാളികളും ഈ “മാരകവും അതിരുകടന്നതുമായ ഭീഷണിയെ നിര്‍വീര്യമാക്കിയതായും വില്യംസ് പറഞ്ഞു. യുഎസ് മണ്ണില്‍ യുഎസ് പൗരന്മാരെ വധിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, കൂടാതെ ഇവിടെയോ വിദേശത്തോ അമേരിക്കക്കാരെ ഉപദ്രവിക്കാനും നിശബ്ദരാക്കാനും ശ്രമിക്കുന്ന ആര്‍ക്കെതിരേയും അന്വേഷണം നടത്താനും തടയാനും പ്രോസിക്യൂട്ട് ചെയ്യാനും ഞങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമേരിക്കയിലെ കേസ് ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും രംഗത്ത് വന്നു. നേരത്തെ കാനഡയും സമാനമായ ആരോപണം ഇന്ത്യക്കെതിരെ ഉയര്‍ത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “അമേരിക്കയില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞങ്ങള്‍ ആദ്യം മുതല്‍ സംസാരിച്ചിരുന്നതിനെ കൂടുതല്‍ അടിവരയിടുന്നു, അതായത് ഇന്ത്യ ഇത് ഗൗരവമായി കാണേണ്ടതുണ്ട്,” ട്രൂഡോ ഒട്ടാവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.