ചെന്നൈ: പ്രണയം എതിർത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന 19കാരനും സുഹൃത്തും അറസ്റ്റിൽ. ഒന്നാം വർഷ ഫാർമസി വിദ്യാർത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. കൊന്നതിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയായിരുന്നു. ഇരുവരുേയും കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.
തമിഴ്നാട്ടിലെ മധുരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഫാർമസി വിദ്യാർത്ഥിയായ ഗുണശീലന്റെ സഹപാഠിയുമായുള്ള പ്രണയബന്ധം മുത്തശിയും സഹോദര ഭാര്യയും എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ ചൊവ്വാഴ്ച തർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇരുവരോടുമുള്ള വൈരാഗ്യം തീർക്കാൻ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഒളിപ്പിക്കുകയും ചെയ്തു. സമീപത്തു നിന്ന് ദുർഗന്ധം വമിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുണശീലനും സുഹൃത്ത് റിഷികുമാറും അറസ്റ്റിലായത്. കൊലപാതകത്തിന് പിന്നിൽ പ്രണയം എതിർത്തതിലുള്ള വൈരാഗ്യമാണെന്ന് പ്രതികൾ സമ്മതിച്ചു.