ഇന്ത്യയിലെ സംസ്കാരം ഇഷ്ടപ്പെടുകയും ഇന്ത്യയിൽ വിവാഹിതരാവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒട്ടേറെ വിദേശികളുണ്ട്. അതുപോലെ ബിക്കാനീർ കാമൽ ഫെസ്റ്റിവലിൽ വച്ച് രാജസ്ഥാനി ആചാരങ്ങളോടെ വിവാഹിതരായിരിക്കുകയാണ് സ്കോട്ട്ലൻഡിൽ നിന്നുള്ള ഈ ദമ്പതികൾ. ഇവരുടെ വിവാഹത്തിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
മിക്കവാറും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ദമ്പതികൾ രാജസ്ഥാനിലെ കാമൽ ഫെസ്റ്റിവലിൽ വച്ച് വിവാഹിതരാവാറുണ്ട്. സ്കോട്ട്ലൻഡിൽ നിന്നുള്ള ജാക്സൺ ഹിംഗിസും റോയ്സിനും അതുപോലെ ഇന്ത്യയിലെ വിവാഹത്തിന്റെ ആചാരങ്ങൾ പ്രകാരം വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നവരാണത്രെ. ഈ വിവാഹവീഡിയോയിലും ഇവർ ഇന്ത്യക്കാരെ പോലെ തന്നെയാണ് വിവാഹിതരായത് എന്ന് കാണാം.
ഷെർവാണിയാണ് വരൻ ധരിച്ചത്. ഒപ്പം തലപ്പാവും കയ്യിൽ വാളും കാണാം. അലങ്കരിച്ച ഒട്ടകപ്പുറത്താണ് വരൻ വിവാഹവേദിയിലേക്ക് പോകുന്നത്. നിരവധി നാട്ടുകാരും ഈ വിവാഹഘോഷയാത്രയിൽ പങ്കെടുക്കുന്നുണ്ട്. രാജസ്ഥാനി വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇവർ നൃത്തം ചെയ്യുന്നതും കാണാം. വധുവും അതുപോലെ പരമ്പരാഗതമായ രാജസ്ഥാനി വസ്ത്രം തന്നെയാണ് ധരിച്ചത്. ഒരു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നൽകുന്നത്. വധൂവരന്മാർ പരസ്പരം മാലകൾ കൈമാറുന്നതും വീഡിയോയിൽ കാണാം.
ഇരുവരുടേയും കൈകൾ ചേർത്തുവയ്ക്കുന്നതും കൈപിടിച്ച് അഗ്നിക്ക് വലം വയ്ക്കുന്നതും വധൂവരന്മാർക്ക് മധുരം നൽകുന്നതും വീഡിയോയിൽ കാണാവുന്നതാണ്. എല്ലാം കൊണ്ടും തികച്ചും ഒരു പരമ്പരാഗത ഇന്ത്യൻ വിവാഹം പോലെ തന്നെയായിരുന്നു ഈ വിവാഹവും. നാട്ടുകാരായ നിരവധിപ്പേരെ ഈ വിവാഹാഘോഷത്തിൽ കാണാവുന്നതാണ്.