ദില്ലി: ആൺസുഹൃത്തിനെ വിവാഹം കഴിക്കാൻ ദില്ലിയിലെ 24 കാരി നടത്തിയത് ക്രൂരമായ പൂജ. ആൺസുഹൃത്തിന്റെ മകനെ ഇതിനായി കൊന്നുതള്ളി. മൃതദേഹം ബോക്സിൽ ഒളിപ്പിച്ചു. വിവാഹത്തിന് മകൻ തടസമാകുന്നുവെന്ന തോന്നലിനെ തുടർന്നായിരുന്നു ഈ ക്രൂരത. കഴിഞ്ഞ വ്യാഴാഴ്ചയാണ് 11 വയസുകാരൻ ദിവ്യാൻഷിന്റെ മൃതദേഹം ബെഡ് ബോക്സിൽ നിന്ന് കണ്ടെത്തിയത്. പെട്ടിയിൽ അബദ്ധത്തിൽ പെട്ട് ശ്വാസം മുട്ടി മരിച്ചെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കഴുത്തിൽ കണ്ട പാടുകൾ വീട്ടുകാരിൽ സംശയമുണ്ടാക്കി. തുടർന്ന് പോസ്റ്റ്മോർട്ടത്തിലാണ് ശ്വാസം മുട്ടിച്ച് കുട്ടിയെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് പ്രതിയായ പൂജയിലേക്ക് എത്തിയത്.കുട്ടിയുടെ അച്ഛനായ ജിതേന്ദർ സിങിന്റെ ലിവ് ഇൻ പാർട്ണറാണ് പൂജ. ഇവർ കുറച്ച് നാൾ ഒരുമിച്ചായിരുന്നു താമസം. എന്നാൽ ജിതേന്ദ്രർ ഭാര്യ നീനുവിൽ നിന്ന് നിയമപരമായി വിവാഹമോചനം നേടാത്തതിനാൽ പൂജയെ വിവാഹം ചെയ്യാൻ കഴിയാതെ വന്നു. ഇതിനെ ചൊല്ലി പൂജയും ജിതേന്ദറും തമ്മിൽ വാക്കുതർക്കമുണ്ടായി. കഴിഞ്ഞ ഡിസംബറിൽ പൂജയുടെ ഫ്ലാറ്റിൽ നിന്നും ജിതേന്ദർ താമസം മാറി ഭാര്യക്ക് ഒപ്പം പോയി. മകനോടുള്ള സ്നേഹക്കൂടൂതൽ കൊണ്ടാണ് ജിതേന്ദർ ഭാര്യയ്ക്ക് ഒപ്പം പോയതെന്ന് മനസിലാക്കിയ പൂജ കൊല നടത്താനുള്ള പദ്ധതി ഒരുക്കുകയായിരുന്നു. പല തവണ ഇതിനായി ആസൂത്രണം നടത്തിയ പുജ കുട്ടി തനിച്ചുള്ള സമയം കണ്ടെത്തി ഫ്ലാറ്റിൽ എത്തി കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംശയം തോന്നിയ നിരവധി പേരെ ചോദ്യം ചെയ്ത പൊലീസ് മുന്നൂറിലേറെ സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഒടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.