Melbourne : ഓസ്‌ട്രേലിയയിൽ ബൈക്ക് അപകടത്തിൽ മലയാളി മരണപ്പെട്ടു. തിരുവനന്തപുരം കരുമം അഭിഭാഷക ദമ്പതിമാരായ പ്രഭാകരൻ നായരുടെയും അജിത കുമാരിയുടെയും മകൻ വിഷ്ണു പ്രഭാകർ (35) ആണ് മരണപ്പെട്ടത്. ശനിയാഴ്ച്ച വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം.
ബൈക്ക് റൈഡർ കൂടിയായ വിഷ്ണു,സുഹൃത്തുക്കളുമായി ബൈക്ക് റൈഡ് കഴിഞ്ഞു തിരികെ വരുമ്പോൾ ബൈക്കിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു.വൈകുന്നേരം ഡാണ്ടിനോങ് റേഞ്ചസിൽ നിന്നും വീട്ടിലേക്ക് പോകവെയാണ് അപകടം ഉണ്ടായെതെന്ന് കരുതപ്പെടുന്നു. വീടെത്താൻ വൈകുന്നതിൽ സംശയം തോന്നിയ സഹയാത്രികരായിരുന്ന സുഹൃത്തുക്കൾ പാകെൻഹാം (Pakenham) പോലീസിൽ അറിയിച്ചപ്പോഴാണ് , രാത്രി വരെ നീണ്ട തിരച്ചിലിൽ വിഷ്ണുവിനെ പിറ്റേദിവസം ഞായറാഴ്ച്ച പുലർച്ചെ 5 മണിയോടെ , സുഹൃത്തുക്കളായ ബൈക്ക് സംഘം കണ്ടെത്തിയത്. ബീക്കൻസ്ഫീൽഡ് ഭാഗത്തു വച്ചാണ് അപകടം ഉണ്ടായത് . വലിയ ഒരു വളവ് തിരിയുന്നതിൽ വന്ന ബുദ്ധിമുട്ടായിരിക്കാം അഗാധ ഗർത്തത്തിലേക്ക് വിഷ്ണു ഓടിച്ച ബൈക്ക് നിപതിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
അവിവാഹിതനും ഓസ്‌ട്രേലിയയിൽ സ്ഥിരതാമസക്കാരനുമായ വിഷ്ണു അടുത്തിടെയായിരുന്നു നാട്ടിൽ ലീവിന് പോയത്. അപർണ്ണയാണ് വിഷ്ണുവിന്റെ സഹോദരി.






























