ഓസ്ട്രേലിയ: രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടും രോഗികളെ ചികിത്സിക്കുകയും സോഷ്യൽ മീഡിയയിലൂടെയും ദേശീയതലത്തിൽ സംപ്രേഷണം ചെയ്ത ടെലിവിഷൻ പരിപാടിയിലൂടെയും പോഡിയാട്രിസ്റ്റായി സ്വയം പരിചയപ്പെടുത്തുകയും ചെയ്ത മുൻ ആരോഗ്യപ്രവർത്തകന് കോടതി 6,000 ഓസ്ട്രേലിയൻ ഡോളർ പിഴ ചുമത്തി. ന്യൂ സൗത്ത് വെയിൽസ് സ്വദേശിയായ ഹസ്സൻ അൽ ഹമീദിനെയാണ് (Heassan Al Hamid) പരാമറ്റ ലോക്കൽ കോടതി കുറ്റക്കാരനായി കണ്ടെത്തിയത്.
രജിസ്റ്റർ ചെയ്ത ആരോഗ്യപ്രവർത്തകനാണെന്ന് തെറ്റായി അവകാശപ്പെട്ടതിന് ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി (Ahpra) ആണ് കേസ് നൽകിയത്. 2026 ഒക്ടോബർ 20-ന് പ്രസിദ്ധീകരിച്ച ഏജൻസിയുടെ അറിയിപ്പിലാണ് നടപടി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
18 മാസത്തോളം ചികിത്സ തുടർന്നു
2024 ഫെബ്രുവരിയിൽ ന്യൂ സൗത്ത് വെയിൽസ് പോഡിയാട്രി കൗൺസിൽ അൽ ഹമീദിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തുടർന്നുള്ള 18 മാസത്തോളം അദ്ദേഹം ചികിത്സ തുടരുകയും തന്റെ പ്രൊഫഷണൽ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.രോഗികൾക്ക് പോഡിയാട്രി കൺസൾട്ടേഷനുകൾ നൽകുകയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വയം പോഡിയാട്രിസ്റ്റായി പരിചയപ്പെടുത്തുകയും ചെയ്തു. ദേശീയതലത്തിൽ സംപ്രേഷണം ചെയ്ത ഒരു ടെലിവിഷൻ പരിപാടിയിലും പോഡിയാട്രിസ്റ്റായി അവതരിപ്പിക്കപ്പെട്ട അദ്ദേഹം വിവിധ പാദരോഗങ്ങളെക്കുറിച്ച് ഉപദേശങ്ങൾ നൽകിയിരുന്നു.
ചികിത്സ തേടിയവരിൽ കുട്ടികളും ഭിന്നശേഷിക്കാരും
അൽ ഹമീദിന്റെ ചികിത്സ തേടിയവരിൽ കുട്ടികൾ, സംസാരശേഷിയില്ലാത്തവരോ ആശയവിനിമയശേഷി പരിമിതമായവരോ ആയ ബൗദ്ധിക ഭിന്നശേഷിക്കാർ, ചലനശേഷി കുറഞ്ഞ രോഗികൾ തുടങ്ങിയവരും ഉൾപ്പെട്ടിരുന്നു.എന്നാൽ ഈ കാലയളവിൽ ചികിത്സ തേടിയ രോഗികൾക്ക് ദോഷമുണ്ടായതായി സൂചനയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കോടതിയുടെ വിമർശനം; 14,831 ഡോളർ നൽകണം
2026 ഒക്ടോബർ 15-ന് കോടതിയിൽ ഹാജരായ അൽ ഹമീദ് കുറ്റം സമ്മതിച്ചു. കുറ്റസമ്മതം നേരത്തേ നടത്തിയ കാര്യം കോടതി പരിഗണിച്ചെങ്കിലും, അദ്ദേഹത്തിന്റെ പ്രവൃത്തി ഗൗരവമുള്ളതാണെന്നും ദീർഘകാലം തുടർന്നതാണെന്നും ജഡ്ജി കാതറിൻ ഫോളന്റ് നിരീക്ഷിച്ചു. പ്രവൃത്തിയെ അവർ ‘quite brazen’ എന്ന വാക്കിൽ വിശേഷിപ്പിക്കുകയും ചെയ്തു.
കോടതി അൽ ഹമീദിനെ കുറ്റക്കാരനായി പ്രഖ്യാപിച്ച് 6,000 ഓസ്ട്രേലിയൻ ഡോളർ പിഴ ചുമത്തി. കൂടാതെ Ahpraയുടെ നിയമച്ചെലവായി 8,831 ഡോളർ കൂടി നൽകാൻ ഉത്തരവിട്ടു. ആകെ 14,831 ഓസ്ട്രേലിയൻ ഡോളറാണ് നൽകേണ്ടത്.
രജിസ്ട്രേഷൻ റദ്ദാക്കി; ആരോഗ്യസേവനം നൽകുന്നതിനും വിലക്ക്
അൽ ഹമീദിനെതിരായ മറ്റൊരു നടപടിയിൽ, ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് കെയർ കംപ്ലെയിന്റ്സ് കമ്മീഷൻ അദ്ദേഹത്തെ സംസ്ഥാന സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന് മുന്നിൽ കൊണ്ടുവന്നിരുന്നു. Ahpraയുടെ പ്രോസിക്യൂഷനിൽനിന്ന് വ്യത്യസ്തമായ നടപടിയായിരുന്നു ഇത്.മുൻപ് ഏർപ്പെടുത്തിയ മേൽനോട്ട ഉത്തരവ് ആവർത്തിച്ച് ലംഘിച്ചതും പരിശീലനം, വിദ്യാഭ്യാസം, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ പാലിക്കാതിരുന്നതും പോഡിയാട്രി കൗൺസിലിന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾ നൽകിയതും ട്രിബ്യൂണൽ പരിഗണിച്ചു.
2026 മാർച്ചിൽ അൽ ഹമീദ് തൃപ്തികരമല്ലാത്ത പ്രൊഫഷണൽ പെരുമാറ്റത്തിനും ഗുരുതരമായ പ്രൊഫഷണൽ വീഴ്ചയ്ക്കും ഉത്തരവാദിയാണെന്ന് ട്രിബ്യൂണൽ കണ്ടെത്തി. തുടർന്ന് അദ്ദേഹത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. 12 മാസത്തേക്ക് തീരുമാനം പുനഃപരിശോധിക്കാനാവാത്ത കാലയളവും നിശ്ചയിച്ചു. ട്രിബ്യൂണൽ പുനഃസ്ഥാപന ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ആരോഗ്യസേവനങ്ങൾ നൽകുന്നതിനും വിലക്കേർപ്പെടുത്തി.
ആരോഗ്യപ്രവർത്തകരുടെ യോഗ്യത പരിശോധിക്കണമെന്ന് Ahpra
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, ആരോഗ്യപ്രവർത്തകരെന്ന് അവകാശപ്പെടുന്നവരുടെ യോഗ്യതയും രജിസ്ട്രേഷൻ നിലയും പരിശോധിക്കണമെന്ന് മാധ്യമസ്ഥാപനങ്ങളോട് Ahpra ആവശ്യപ്പെട്ടിട്ടുണ്ട്.ഓസ്ട്രേലിയയിൽ 16 ആരോഗ്യപ്രവർത്തക വിഭാഗങ്ങളിലായി ഏകദേശം പത്തുലക്ഷം പേരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ദേശീയ രജിസ്റ്റർ ഏജൻസി പരിപാലിക്കുന്നുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ജസ്റ്റിൻ അണ്ടർസ്റ്റൈനർ പറഞ്ഞു.ആർക്കും എപ്പോൾ വേണമെങ്കിലും ഈ രജിസ്റ്റർ പരിശോധിക്കാം. ഒരു ആരോഗ്യപ്രവർത്തകന് ഓസ്ട്രേലിയയിൽ പ്രാക്ടീസ് ചെയ്യാൻ അനുമതിയുണ്ടോ, രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിട്ടുണ്ടോ, നിയന്ത്രണങ്ങളോ നിബന്ധനകളോ ഏർപ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ അറിയാനാകും.
രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യരംഗത്തെ പ്രൊഫഷണലുകളിലുള്ള പൊതുജനവിശ്വാസം നിലനിർത്തുന്നതിനും രജിസ്റ്റർ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകന്റെ രജിസ്ട്രേഷൻ പരിശോധിക്കാം: ഓസ്ട്രേലിയയിൽ ചികിത്സ തേടുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയുടെ പേര് Ahpraയുടെ ഔദ്യോഗിക രജിസ്റ്ററിൽ പരിശോധിക്കാനും സംശയങ്ങളോ പരാതികളോ ഉണ്ടെങ്കിൽ ഏജൻസിയെ അറിയിക്കാനും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.




























