ഇംഫാൽ: മണിപ്പൂരില്‍ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ സംഘർഷം തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാൾ കൊല്ലപ്പെട്ടു. ബോംബേറിൽ പരിക്കേറ്റാണ് മരണം. മരിച്ചയാൾ ഏത് വിഭാഗക്കാരനാണെന്ന് വ്യക്തമായിട്ടില്ല. അതേസമയം ചുരാചന്ദ്പൂരിൽ ഇന്നുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മണിപ്പൂർ കലാപത്തില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ബിഹാർ ബിജെപി വക്താവ് രാജിവച്ചു. മണിപ്പൂര്‍ കലാപം രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കിയെന്ന് കുറ്റപ്പെടുത്തിയാണ് വക്താവ് വിനോദ് ശർമ രാജിവച്ചത്. പ്രധാനമന്ത്രി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിങിനെ പുറത്താക്കാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതോണോയെന്നും രാജി നല്‍കിയശേഷം അദ്ദേഹം പറഞ്ഞു.