പെർത്ത്: മെൽബൺ സെൻ്റ് തോമസ് സീറോ മലബാർ രൂപതയുടെ മെത്രനായി സ്ഥാനമേറ്റതിന് ശേഷം ആദ്യമായി പെർത്ത് സെൻറ് ജോസഫ് ഇടവകയിൽ സന്ദർശനം നടത്തുന്ന മാർ ജോൺ പനന്തോട്ടത്തിലിന് ഇടവക സമൂഹം ഭക്തിപൂർവമായ സ്വീകരണം നൽകി. ഇടവക വികാരി ഫാദർ അനീഷ് ജെയിംസ് വി.സി, അസിസ്റ്റൻ്റ് വികാരി ഫാദർ ബിബിൻ വേലംപറമ്പിൽ, കൈക്കാരന്മാരായ സജി മാനുവൽ, ജെയിംസ് ചുണ്ടങ്ങ, തോമസ് ജേക്കബ്, അഗസ്റ്റ്യൻ തോമസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുനേരം ആറിന് നൽകിയ സ്വീകരണ പരിപാടിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. മുത്തുകുടകളേന്തി വിശ്വാസ സമൂഹം ദേവാലയത്തിന് മുന്നിൽ പ്രാർത്ഥനാപൂർവ്വം തങ്ങളുടെ ഇടയനെ സ്വീകരിച്ചു.
തുടർന്ന് നടന്ന വിശുദ്ധ ബലിയിൽ മാർ ജോൺ പനന്തോട്ടത്തിൽ വിശ്വാസികൾക്ക് നന്ദി പറഞ്ഞു. “ശ്ലൈഹിക സഭയോടുള്ള വലിയ സ്നേഹവും പൗരോഹിത്യത്തോടുള്ള ആദരവുമാണ് ഇത്തരമൊരു സ്വീകരണം നൽകാൻ നിങ്ങളെ ദൈവം പ്രചോദിപ്പിച്ചതെന്ന് ഞാൻ തിരിച്ചറിയുന്നു. അതിന് ഇടവക സമൂഹത്തിന് പ്രത്യേക നന്ദി അർപ്പിക്കുന്നു”- പിതാവ് പറഞ്ഞു.
ദേവാലയത്തിനും പാരിഷ് ഹോളിനുമിടയിൽ രൂപകൽപ്പന ചെയ്ത പരിശുദ്ധ മാതാവിന്റെ പ്രതിമയുടെ ആശീർവാദവും മാർ ജോൺ പനന്തോട്ടത്തിൽ നിർവഹിച്ചു. ഇടവകാംഗമായ ടൂണിയ ജിസ്മോന്റെ പിതാവ് ബേബി ജോസഫ് വട്ടക്കുന്നേലാണ് മാതാവിൻ്റെ പ്രതിമ നിർമ്മിച്ചത്. മൂന്ന് മീറ്ററിലധികം നീളമുള്ള പ്രതിമ കോൺക്രീറ്റും മാർബിൾ പൊടിയും ചേർത്താണ് നിർമ്മിച്ചത്. കണ്ണൂർ കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂളിലെ മുൻ അധ്യാപകനാണ് ബേബി ജോസഫ് വട്ടക്കുന്നേൽ.






























