പെർത്ത്: പശ്ചിമ ഓസ്‌ട്രേലിയയിൽ (WA) വീണ്ടും അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് വിദേശയാത്രക്ക് ഒരുങ്ങുന്നവരും, ഖനി മേഖലകളിൽ ജോലി ചെയ്യുന്നവരും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് WA ഹെൽത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം പെർത്തിലും പിൽബാര മേഖലയിലുമായി മൂന്ന് കേസുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ രോഗബാധ. ബാലി, ന്യൂമാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിൽ ഉൾപ്പെടെ രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയും അധികൃതർ പുറത്തുവിട്ടു.
”അഞ്ചാംപനി വളരെ വേഗം പകരുന്ന ഒന്നാണ്. ഖനികളിൽ ജോലി ചെയ്യുന്ന പ്രതിരോധശേഷി കുറഞ്ഞ ആളുകൾക്ക് ഇത് വലിയ ഭീഷണിയാണ്,” കമ്മ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടർ ക്ലെയർ ഹുപ്പാറ്റ്സ് പറഞ്ഞു.
1965-ന് ശേഷം ജനിച്ച ആർക്കും വാക്‌സിൻ സൗജന്യമാണ്. മുമ്പ് രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ടോ എന്ന് ഉറപ്പില്ലാത്തവർക്ക് ഇപ്പോൾ ഒരു ഡോസ് കൂടി എടുക്കാവുന്നതാണ്. പനി, ക്ഷീണം, ചുമ, മൂക്കൊലിപ്പ് എന്നിവയാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.