എഴുത്തിന്റെ ഇന്ദ്രജാലക്കാരൻ മേതിൽ രാധാകൃഷ്ണൻ ആഘോഷമേതുമില്ലാതെ 80 ന്റെ പടികടന്നു. ഇന്നലെയായിരുന്നു ജന്മദിനം. ആഘോഷിക്കപ്പെടാൻ ഇഷ്ടമല്ലാത്ത കഥാകാരന് ഇതും പതിവുദിനം. അവാർഡുകൾക്കും പൊതുവേദികൾക്കും ആരാധകർക്കും പിടികൊടുക്കാത്ത മേതിലിന് ആശംസകളോടു൦ അതേ സമീപനം തന്നെ.
മകൾക്കൊപ്പം തിരുവനന്തപുരത്തെ ഫ്ലാറ്റിൽ കഴിയുന്ന അദ്ദേഹത്തിന് എഴുത്തും വായനയും കമ്പ്യൂട്ടറും ആണ് നിത്യ മിത്രങ്ങൾ. 1974 ൽ ‘സൂര്യവംശം’ എന്ന നോവലുമായാണ് പാലക്കാട്ടുകാരനായ മേതിൽ മലയാള സാഹിത്യത്തിലെ എഴുത്തു വഴികളെയെല്ലാം അട്ടിമറിച്ച അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ചുവന്ന വിദൂഷകരുടെ അഞ്ചാംപത്തി എന്നീ നോവലുകൾ കൂടി പുറത്തുവന്നു.
ലോക സാഹിത്യത്തിലെ പുത്തൻ പ്രവണതകളെ ആവാഹിച്ച മേതിൽ കൃതികൾ പരമ്പരാഗത വായനാശൈലിക് വഴങ്ങുന്നതായിരുന്നില്ല. അതോടെ തന്റെ പുസ്തകങ്ങൾ വായിക്കേണ്ടതെങ്ങനെയെന്ന് വിശദമാക്കുന്ന കൈപുസ്തകം കൂടി പ്രസിദ്ധീകരിച്ചു അദ്ദേഹം.
പിന്നീട് വിദേശത്തേക്ക് ചേക്കേറിയ മേതിൽ നോർവീജിയൻ കപ്പൽ കമ്പനിയിൽ കമ്പ്യൂട്ടർ മേധാവിയായി. 90 കളിലാണ് ‘ഡിലൻ തോമസിന്റെ പന്ത്’ എന്ന കഥാസമാഹാരവുമായി എഴുത്തിലേക്കുള്ള മടങ്ങി വരവ്.ഹിച്ച് കോക്കിന്റെ ഇടപെടൽ, ആൽബ്രട്ടോസിന്റെ കരച്ചിൽ, സംഗീതം ഒരു സമയ കലയാണ്, നായകന്മാർ ശവ പേടകങ്ങളിൽ, മേതിൽ കഥകൾ, 19 ,പെൻഗ്വിൻ, ഭൂമിയെയും മരണത്തെയും കുറിച്ച് ഇവയാണ് പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചപ്പോഴും നിരസിക്കുകയായിരുന്നു. സമ്മാനം നൽകാൻ സാഹിത്യം സ്പോർട്സ് അല്ല എന്നതായിരുന്നു ‘മേതിൽ ന്യായം’.