ബ്രിസ്ബാനിലെ ഹാൻലൺ പാർക്കിൽ കഴിഞ്ഞ വർഷം കോഫി ഒഴിച്ച് കുഞ്ഞിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ, ഇരയായ കുഞ്ഞിന്റെ അമ്മ നീതിക്കായി വീണ്ടും അപേക്ഷ നടത്തി.
ഒമ്പത് മാസം പ്രായമുള്ള ലുക്ക എന്ന കുഞ്ഞിനെ 33 വയസ്സുകാരനായ ചൈനീസ് പൗരൻ തേർമോസ് കുപ്പിയിലുള്ള ചൂടുകോഫി ഒഴിച്ചതിനെ തുടർന്ന് മുഖത്തും ശരീരത്തും ഗുരുതരമായ പൊള്ളലേറ്റിരുന്നു.
സംഭവത്തിനു ശേഷം കുഞ്ഞിന് എട്ട് പ്രധാന ശസ്ത്രക്രിയകൾ ഉൾപ്പെടെ നിരവധി ചികിത്സകൾ നടത്തി. ത്വക്ക് മാറ്റിവയ്ക്കൽ, ലേസർ ചികിത്സ, സ്കിൻ നീഡ്ലിംഗ് തുടങ്ങിയ ശസ്ത്രക്രിയകൾ കുഞ്ഞിന് സഹിക്കേണ്ടി വന്നു.
പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും, സംഭവം നടന്നതിന് പിന്നാലെ അദ്ദേഹം രാജ്യം വിട്ടു. ചൈനീസ് പൗരനായതിനാൽ ഓസ്ട്രേലിയയ്ക്കും ചൈനയ്ക്കുമിടയിൽ എക്സ്ട്രഡിഷൻ ഉടമ്പടി ഇല്ലാത്തത്, കേസിൽ വലിയ വെല്ലുവിളിയാണ്. ഗുരുതരമായ ആക്രമണത്തിന് ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
“ഒരു വർഷം കഴിഞ്ഞിട്ടും എന്റെ കുഞ്ഞ് ചികിത്സയിൽ കഴിയുകയാണ്. എന്നാൽ പ്രതി ഇപ്പോഴും സ്വതന്ത്രനാണ്. നീതി ഉടൻ ലഭിക്കണം” — എന്ന് കുഞ്ഞിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഓസ്ട്രേലിയൻ ഫെഡറൽ പോലീസും ക്വിൻസ്‌ലാൻഡ് പോലീസും ചേർന്ന് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






























