206 യാത്രക്കാരുമായി തിങ്കളാഴ്ച കടലിലെ ചെളിയില്‍ കുടുങ്ങിപ്പോയ ഓസ്‌ട്രേലിയൻ ആഡംബര ക്രൂയിസ് കപ്പൽ ഒടുവില്‍ പുറത്തെടുത്തു. ഇതിനിടെ ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ എക്‌സ്‌പ്ലോററിലെ മൂന്ന് പേർക്ക് പകർച്ചവ്യാധിയായ കൊവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്ക ഏറ്റിയിരുന്നു. മൂന്ന് ദിവസത്തോളം ചെളിയില്‍ പൂണ്ട് പോയ അവസ്ഥയിലായിരുന്ന ക്രൂയിസ് കപ്പല്‍, കഴിഞ്ഞ വ്യാഴ്ച വൈകീട്ടോടെയാണ് കപ്പല്‍ വീണ്ടെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉയർന്ന വേലിയേറ്റത്തിനിടെ ഒരു മത്സ്യബന്ധന ഗവേഷണ കപ്പലിന്‍റെ സഹായത്തോടെയാണ് കപ്പൽ ചളിയില്‍ നിന്നും മോചിപ്പിച്ചതെന്ന് ക്രൂയിസ് കപ്പലിന്‍റെ ഉടമ കോപ്പൻഹേഗൻ ആസ്ഥാനമായുള്ള സൺസ്റ്റോൺ ഷിപ്പുകളും ഓപ്പറേഷൻ ഏകോപിപ്പിച്ച ആർട്ടിക് കമാൻഡും പറഞ്ഞു. കപ്പലിലെ കൊവിഡ് ബാധ മറ്റ് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കപ്പലിനെ ഉറച്ച് പോയ ചളിയില്‍ നിന്നും മോചിപ്പിക്കുന്നതിനായി ഡാനിഷ് നാവികസേനയുടെ സഹകരണം തേടിയിരുന്നു. ഇതിനായി പുറപ്പെട്ട നാവികസേനാ കപ്പല്‍ സംഭവസ്ഥലത്തെത്തും മുമ്പ് തന്നെ കപ്പലിനെ ചളിയില്‍ നിന്നും മോചിപ്പിക്കാന്‍ കഴിഞ്ഞു. “കപ്പലിൽ നിന്നും ( ഗ്രീൻലാൻഡ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ) കപ്പലിന്‍റെ സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കുകളോ പരിസ്ഥിതി മലിനീകരണമോ കപ്പലിന്‍റെ പുറം പാളിക്ക് നാശമോ ഉണ്ടായിട്ടില്ല.” എന്ന് കപ്പലിന്‍റെ ഉടമ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാർ ഏജൻസിയായ ഗ്രീൻലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ റിസോഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള തരജോഖ് (Tarajoq) എന്ന കപ്പലിന്‍റെ സഹായത്തോടെയാണ് കപ്പലിനെ രക്ഷപ്പെടുത്തിയത്. അടിഭാഗത്തെ കേടുപാടുകൾ വിലയിരുത്താൻ കഴിയുന്ന ഒരു തുറമുഖത്തേക്ക് കപ്പലെ മാറ്റുമെന്നും യാത്രക്കാരെ കൂടുതല്‍ സുരക്ഷിതമായ ഒരു തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും അവിടെ നിന്ന് അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും കപ്പലിന്‍റെ ഉടമ കൂട്ടിച്ചേർത്തു. എന്നാല്‍, യാത്ര സംഘടിപ്പിച്ച ടൂർ കമ്പനിയായ ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള അറോറ എക്‌സ്‌പെഡിഷൻസിൽ നിന്ന് ഉടനടി അഭിപ്രായമൊന്നും ഉണ്ടായില്ലെന്നും സിബിസി റിപ്പോര്‍ട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദേശീയ ഉദ്യാനമായ നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്കിലെ അൽപെഫ്‌ജോർഡിൽ തിങ്കളാഴ്ചയാണ് ക്രൂയിസ് കപ്പൽ ആർട്ടിക് സർക്കിളിന് മുകളിൽ കുടുങ്ങിപ്പോയത്. ഈ പാർക്ക് ഏതാണ്ട് ഫ്രാൻസും സ്‌പെയിനും കൂടിയാലുള്ളത്ര വലിപ്പമുള്ള പാര്‍ക്കാണ്. ഏകദേശം 80 ശതമാനവും ഉറച്ച മഞ്ഞുപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. ഗ്രീന്‍ലാന്‍ഡ് തലസ്ഥാനമായ നൂക്കിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലെയുള്ള ഇട്ടോക്കോർട്ടൂർമിറ്റിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് അൽപെഫ്‌ജോർഡ് സ്ഥിതി ചെയ്യുന്നത്. ബഹാമാസ് പതാകയുള്ള ക്രൂയിസ് കപ്പലിൽ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ യാത്രക്കാരാണുള്ളത്. ഒരു അന്തർവാഹിനിയിലേത് പോലെയുള്ള സൗകര്യങ്ങളും 77 ക്യാബിനുകളും, 151 പാസഞ്ചർ ബെഡുകളും, ക്രൂവിന് 99 കിടക്കകളും, കൂടാതെ നിരവധി റെസ്റ്റോറന്‍റുകളും സ്പാ, ജിംനേഷ്യങ്ങളും ഈ ക്രൂയിസ് കപ്പലില്‍ സജ്ജമാണ്.