സിഡ്‌നിയിൽ കള്ളന്മാർ ഹൈടെക് രീതികളിലേക്ക് മാറുന്നു. ഓൺലൈനിൽ എളുപ്പത്തിൽ ലഭ്യമാകുന്ന ഹാക്കിങ് ഉപകരണങ്ങൾ ഉപയോഗിച്ച് വീടുകളിലേക്ക് അതിക്രമിച്ചു കയറുന്ന രീതി വ്യാപകമാവുന്നു. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗാരേജ് ഡോറുകൾ ഹാക്ക് ചെയ്ത് വീടിനകത്തേക്ക് കടക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി.
കള്ളന്മാർ ഗാരേജ് ഡോർ സിഗ്നലുകൾ പിടിച്ചെടുത്ത് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ക്ലോണിംഗ് ഉപകരണങ്ങളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. വീടിനടുത്തുള്ള ഒരു കാറിൽ സംശയാസ്പദമായ രീതിയിൽ ആരെങ്കിലും ഇരിക്കുന്നത് ശ്രദ്ധിക്കണമെന്ന് മാസ്റ്റർ ലോക്ക്സ്മിത്ത്സ് അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ കൂട്ട് മുന്നറിയിപ്പ് നൽകി. “അത്തരം സാഹചര്യങ്ങളിലാണ് ഈ സിഗ്നലുകൾ റെക്കോർഡ് ചെയ്യുന്നത്,” അദ്ദേഹം പറഞ്ഞു.
ഈ ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാവുന്നത് ആശങ്കാജനകമാണെങ്കിലും, ഇത് ഉപയോഗിക്കാൻ ചില സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുണ്ടെന്നും കൂട്ട് കൂട്ടിച്ചേർത്തു.
ഗാരേജുകളിലേക്കും വീടുകളിലേക്കും അതിക്രമിച്ചു കയറാൻ ക്രിമിനലുകൾ ഈ സാങ്കേതികവിദ്യ കൂടുതൽ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് മാസ്റ്റർ ലോക്ക്സ്മിത്ത്സ് പറയുന്നു.
വീട്ടുടമസ്ഥർ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും, ഗാരേജിൽ നിന്ന് വീടിനകത്തേക്കുള്ള വാതിൽ നിർബന്ധമായും പൂട്ടിയിടാനും അധികൃതർ നിർദ്ദേശിക്കുന്നു.