വിദേശത്ത് പോകാനും പഠിക്കാനുമെല്ലാം ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യമാണ് ന്യൂസിലാൻഡ്. നിരവധി ഇന്ത്യക്കാരാണ് ഓരോ വര്‍ഷവും ന്യൂസിലാൻഡിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്ക് വേണ്ടി എത്തുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ പ്രക്രിയയിൽ ഒരു പ്രധാന മാറ്റം സംഭവിക്കാൻ പോകുകയാണ്. 2025 ഡിസംബർ 1 മുതൽ, വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയുടെ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ നൽകുന്ന പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (പിസിസി) മാത്രമേ ഇമിഗ്രേഷൻ ന്യൂസിലാൻഡ് സ്വീകരിക്കൂ. സ്ഥിരത ഉറപ്പാക്കുക, പ്രോസസ്സിംഗുമായി ബന്ധപ്പെട്ട നടപടികൾ ലഘൂകരിക്കുക, രേഖകളുടെ ആധികാരികത ഉറപ്പാക്കുക എന്നിവയാണ് ഇതുവഴി ന്യൂസിലാൻഡ് ലക്ഷ്യമിടുന്നത്.
നിലവിൽ ന്യൂസിലാൻഡ് വിസ അപേക്ഷകർക്ക് ഡെപ്യൂട്ടി കമ്മീഷണറിൽ നിന്നോ പൊലീസ് സൂപ്രണ്ട് ഓഫീസിൽ നിന്നോ അവരുടെ പ്രാദേശിക പൊലീസ് സ്റ്റേഷനിൽ നിന്നോ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ രേഖകൾ പലപ്പോഴും പല ഫോർമാറ്റുകളിലാണ് അധികൃതർക്ക് മുന്നിലെത്തിയിരുന്നത്. അതിനാൽ തന്നെ അവ പരിശോധിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവുമായിരുന്നു. ഇക്കാരണങ്ങളാൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം നേരിട്ടു. ഇനി മുതൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിലൂടെ പേപ്പർവർക്കുകൾ മൂലമുണ്ടാകുന്ന കാലതാമസം കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യക്കാരായ വിസ അപേക്ഷകരെ സംബന്ധിച്ചിടത്തോളം പേപ്പർവർക്കുകൾ നേരത്തെ തന്നെ ആരംഭിക്കേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ടത്.
വിസ അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ ആറ് മാസത്തിൽ താഴെ പഴക്കമുള്ള ഒരു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ശ്രദ്ധിക്കുക. പഴയ സർട്ടിഫിക്കറ്റ് ഇതിനകം ഫയൽ ചെയ്തിട്ടുള്ള സന്ദർഭങ്ങളിൽ, ഒരു വർഷത്തിൽ താഴെ പഴക്കമുണ്ടെങ്കിൽ ഇമിഗ്രേഷൻ ന്യൂസിലാൻഡ് അത് സ്വീകരിച്ചേക്കാം. എന്നിരുന്നാലും, പ്രോസസ്സിംഗിന്റെ ഏത് ഘട്ടത്തിലും പുതിയൊരെണ്ണം ആവശ്യപ്പെടാനുള്ള അവകാശം ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമാണ്. സർട്ടിഫിക്കറ്റ് ഒരു പ്രാദേശിക ഭാഷയിലാണ് നൽകുന്നതെങ്കിൽ, അപേക്ഷകർ ഒരു സാക്ഷ്യപ്പെടുത്തിയ ഇംഗ്ലീഷ് വിവർത്തനവും ഇതിനൊപ്പം നൽകേണ്ടതുണ്ട്.
ചില റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾക്ക് ക്ലിയറൻസ് പ്രക്രിയയുടെ ഭാഗമായി വിരലടയാളം ആവശ്യമായി വന്നേക്കാം. ഇത് പ്രാദേശിക നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കും. കൂടാതെ സംസ്ഥാനങ്ങൾതോറും വ്യത്യാസങ്ങളുമുണ്ടായേക്കാം. അവസാന നിമിഷത്തെ കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ ബന്ധപ്പെട്ട പാസ്‌പോർട്ട് ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി ആവശ്യമായ രേഖകൾ പരിശോധിക്കുന്നത് നന്നായിരിക്കും. പുതിയ തീരുമാനം നിലവിൽ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ബാധകമാകൂ. വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ ഈ നിയമത്തിന്റെ പരിധിയിൽ വരില്ല.