പെർത്ത്: ഓൺലൈനിലൂടെ ഓസ്ട്രേലിയയിലും വിദേശത്തുമുള്ള ഇരുന്നൂറിലേറെ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌ത പെർത്ത് സ്വദേശിയായ പാകിസ്ഥാൻ വംശജന് 17 വർഷം തടവുശിക്ഷ. ഓസ്ട്രേലിയയിലെ ഏറ്റവും ക്രൂരനായ സൈബർ വേട്ടക്കാരൻ എന്ന് വിശേഷിപ്പിച്ചാണ് 29 വയസുകാരനായ മുഹമ്മദ് സൈൻ ഉൽ ആബിദീൻ റഷീദിന് വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. പ്രശസ്‌തനായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ എന്ന വ്യാജേനയാണ്, മുഹമ്മദ് റഷീദ് നൂറുകണക്കിന് പെൺകുട്ടികളെ ചൂഷണത്തിനും ബ്ലാക്ക് മെയിലിങ്ങിനും ഇരയാക്കിയത്.
“വെറുപ്പുളവാക്കുന്നതും അതിക്രൂരവുമെന്നാണ് പ്രതിയുടെ കുറ്റകൃത്യത്തെ ജഡ്‌ജി അമാൻഡ ബറോസ് വിശേഷിപ്പിച്ചത്. 2033-ൽ 38 വയസ് തികയുമ്പോൾ മാത്രമേ ഇനി മുഹമ്മദ് റഷീദിന് പരോൾ ലഭിക്കൂ. ഈ കേസിന് സമാനമായ ഒരു കേസും ഓസ്ട്രേലിയയിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് ഇയാളുടെ ശിക്ഷ വിധിച്ചുകൊണ്ട് ജഡ്‌ജി പറഞ്ഞു.
11 മാസത്തിനിടെ 286 പെൺകുട്ടികൾ ഇരയാക്കപ്പെട്ട 665 കുറ്റകൃത്യങ്ങൾക്കാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അതിൽ 180 പേർ കുട്ടികളാണ്. ഇരയാക്കപ്പെട്ട ഒരു കുട്ടിക്ക് ഏഴ് വയസ് മാത്രമേ പ്രായമുള്ളൂ എന്നറിയുമ്പോഴാണ് കുറ്റകൃത്യത്തിന്റെ വ്യാപ്‌തി എത്രത്തോളമുണ്ടെന്ന് മനസിലാകൂ. ഓസ്ട്രേലിയ ഉൾപ്പെടെ 20 രാജ്യങ്ങളിലായാണ് ഇയാളുടെ ഇരകളുള്ളത്.
ബന്ധം സ്ഥാപിക്കുന്നത് സോഷ്യൽ മീഡിയ താരമെന്നു പരിചയപ്പെടുത്തി
നിരവധി ഫോളോവേഴ്‌സുള്ള 15 വയസുകാരനായ സോഷ്യൽ മീഡിയ താരമായി അഭിനയിച്ചാണ് എൻജിനീയറായ പ്രതി ഓസ്ട്രേലിയയിലും വിദേശത്തുമുള്ള പെൺകുട്ടികളെ ഓൺലൈൻ ചൂഷണത്തിന് ഇരയാക്കിയത്.
കൗമാരക്കാരനായി പെരുമാറുന്ന പ്രതി ആദ്യം കുട്ടികളെ ഓൺലൈനിൽ സമീപിക്കുകയും തന്റേതെന്ന പേരിൽ ചിത്രങ്ങൾ അവർക്ക് അയച്ചുകൊടുക്കുകയും അവരുടെ വിശ്വാസം നേടുന്നതിനായി നിരുപദ്രവകരമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യും.
നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണം എന്താണ്?’ എന്ന് നിഷ്‌കളങ്കമായി തുടങ്ങി 20 ചോദ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഗെയിമിൽ പെൺകുട്ടികളെ ഉൾപ്പെടുത്തുന്നു. പിന്നീട് ഇത് വഴിവിട്ട രീതിയിലേക്കു മാറും. ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കും. കുട്ടികളുടെ പ്രതികരണങ്ങൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സ്ക്രീൻഷോട്ടുകൾ അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലോക്ക്‌മെയിലിങ്ങിനായി ഉപയോഗിക്കും, തുടർന്ന് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും നൽകാൻ സമ്മർദം ചെലുത്തും ഈ പ്രവൃത്തിയിൽ ഭയക്കുന്ന കുട്ടികൾ പതിയെ പ്രതിയുടെ നിയന്ത്രണത്തിലാകും. പുറത്തു പറയാൻ പോലും പറ്റാത്ത പ്രവൃത്തികളിലേക്ക് നിർബന്ധപൂർവം അവരെ പ്രേരിപ്പിക്കും. ഇത്തരത്തിൽ അതിക്രൂരമായാണ് ഇയാൾ തിരിച്ചറിവില്ലാത്ത കുട്ടികളോടു പെരുമാറിയിരുന്നത്.
ലോകമെമ്പാടുമുള്ള പിഡോഫിലുകൾ പ്രേക്ഷകരായ തത്സമയ വിഡിയോയിൽ ഈ പെൺകുട്ടികൾ ക്രൂരമായി അപമാനിക്കപ്പെട്ടെന്ന വെളിപ്പെടുത്തൽ 9ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്‌തു. പെൺകുട്ടികൾ കരയുകയും രക്ഷിക്കാൻ അപേക്ഷിക്കുകയും ചെയ്യുന്നുണ്ട്.കുട്ടികൾ വേദനിക്കുന്നത് കണ്ട് ആനന്ദിക്കുന്ന മനോഭാവമുള്ളയാളാണ് പ്രതിയെന്നാണ് കോടതി നിരീക്ഷിച്ചത്.
ഇത്തരം ഓൺലൈൻ ചൂഷണങ്ങൾക്കെതിരേ വലിയ ജാഗ്രത വേണമെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് കമാൻഡർ മാർഷൽ മുന്നറിയിപ്പ് നൽകുന്നത്. ‘സമൂഹത്തിലെ ഏറ്റവും ദുർബലരായ കുട്ടികൾക്കെതിരെയുള്ള ഏറ്റവും ക്രൂരമായ കുറ്റകൃത്യമാണിത്. തങ്ങളെ വെറുതെ വിടാൻ ചില കുട്ടികൾ കുറ്റവാളിയോട് കരഞ്ഞ് അപേക്ഷിച്ചിട്ടും പ്രതി അനുകമ്പ കാട്ടിയില്ല. ചില കുട്ടികൾ കുറ്റവാളിയുമായുള്ള ചാറ്റുകളിൽ സ്വയം ഉപദ്രവിക്കുന്ന നിലയിൽ വരെ കാര്യങ്ങളെത്തി.
ഓസ്ട്രേലിയൻ ചരിത്രത്തിൽ ഈ കുറ്റകൃത്യവുമായി താരതമ്യപ്പെടുത്താവുന്ന മറ്റൊരു കേസുമില്ലെന്ന് ജഡ്ജി അമൻഡ ബറോസ് പറഞ്ഞു. ഈ കുട്ടികളുടെ മേൽ മുഹമേദ് റഷീദ് പ്രയോഗിച്ച അധികാരവും അവരെ ചെയ്യാൻ നിർബന്ധിച്ച കാര്യങ്ങളും കേസ് അന്വേഷിച്ച ഡിറ്റക്ടീവുകളെപ്പോലും ഞെട്ടിച്ചു.
മാതാപിതാക്കൾ ഈ കേസിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും തങ്ങളുടെ കുട്ടികളുടെ ഓൺലൈനിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും ഖഗം മാർഷൽ പറഞ്ഞു കുറ്റവാളികൾക്ക് കുട്ടികളിലേക്കെത്താനുള്ള ഏറ്റവും എളുപ്പ മുള്ള മാർഗമാണ് സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമിങ്,ചാറ്റ് ഉൾപ്പേടെ എത് ഓൺലൈൻ പ്രവൃത്തികളിലും ചതിക്കുഴി മാതാപിതാക്കൾ മുൻകുട്ടി കാണണം അദ്ദേഹം പറഞ്ഞു.
ചൂഷണത്തിനിരയാകുന്ന കുട്ടികളോട് അനുകമ്പയോടെ രക്ഷിതാക്കൾ സംസാരിക്കണം. അപ്പോൾ കുട്ടികൾ അതിനെക്കുറിച്ച് സംസാരിക്കും. അല്ലാതെ പോലീസിന് മാത്രം പ്രശ്നം കൈകാര്യം ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് സംഭവിച്ചത് നിങ്ങളുടെ തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






























