സിഡ്നി: ന്യൂ സൗത്ത് വെയിൽസ് സർക്കാരിന്റെ നിർദിഷ്ട കൺവേർഷൻ തെറാപ്പി നിരോധന ബില്ലിൽ നിന്ന് മതപരമായ പ്രബോധനങ്ങൾ, പ്രാർത്ഥനകൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ച നടപടിയെ സ്വാഗതം ചെയ്‌ത് ക്രിസ്തീയ നേതൃത്വം. സ്വവർഗരതി പാപമാണെന്ന വിശ്വാസം പങ്കുവയ്ക്കുന്ന മതനേതാക്കളെ നിയമപ്രകാരം സംരക്ഷിക്കുമെന്ന സർക്കാരിന്റെ വാഗ്ദാനമാണ് വിശ്വാസി സമൂഹത്തിന് ആശ്വാസം പകരുന്നത്. അതേസമയം നിരോധനം പ്രായോഗികമായി എങ്ങനെ നടപ്പാക്കുമെന്ന ആശങ്കയും അവർ പങ്കുവച്ചു.
എൽ.ജി.ബി.ടി.ക്യൂ കമ്യൂണിറ്റിയിൽ പെട്ട ആളുകളുടെ സെക്‌സ് ഓറിയന്റേഷൻ, ജെൻഡർ ഐഡന്റിറ്റി, ജെൻഡർ എക്സ്പ്രഷൻ എന്നിവ മാറ്റുന്നതിന് വേണ്ടി നടത്തുന്ന തെറാപ്പിയെയാണ് കൺവേർഷൻ തെറാപ്പി എന്ന് പറയുന്നത്. ഇതിൽ കൗൺസിലിങ്ങും ഹോർമോൺ ചികിത്സയുമൊക്കെ ഉൾപ്പെടും. ഓസ്ട്രേലിയയിൽ ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ തെറാപ്പി നടക്കുന്നുണ്ട്. മതസ്ഥാപനങ്ങളുടെ പിന്തുണയോടെയുള്ള സ്ഥാപനങ്ങളിലും സമാനമായ ചികിത്സ നടക്കുന്നുണ്ട്. പലപ്പോഴും മാതാപിതാക്കളായിരിക്കും കുട്ടികളുമായി ഈ ചികിത്സയ്ക്കായി എത്തുന്നത്.
അതേസമയം, സ്വവർഗാനുരാഗത്തിനെതിരേയുള്ള മതപരമായ പഠിപ്പിക്കലുകൾ, പ്രാർത്ഥനകൾ, പ്രഭാഷണങ്ങൾ, ഉപദേശങ്ങൾ എന്നിവ നിയമപ്രകാരം ശിക്ഷിക്കപ്പെടില്ലെന്ന് പാർലമെന്റിൽ ബിൽ അവതരിപ്പിച്ചുകൊണ്ട് ന്യൂ സൗത്ത് വെയിൽസ് അറ്റോർണി ജനറൽ മൈക്കൽ ഡെയ്‌ലി വാഗ്ദാനം ചെയ്തു.
ഒരു വ്യക്തിയുടെ അന്തസ് ലംഘിക്കുന്ന നിർബന്ധിത പ്രവർത്തനങ്ങൾ നിരോധിക്കാൻ യഥാർത്ഥമായി ലക്ഷ്യമിടുന്ന നിയമങ്ങളെ പിന്തുണയ്ക്കുമെന്ന് സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ പറഞ്ഞു. ഈ ബിൽ വിശ്വാസി സമൂഹം മുന്നോട്ട് വച്ച എല്ലാ ആശങ്കകളെയും അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും, പ്രാർത്ഥനയും പ്രബോധനവും സംരക്ഷിക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വവർഗാനുരാഗ പ്രവണതയുള്ളവരെ സത്യത്തിലും സ്നേഹത്തിലും പരിശുദ്ധമായ ജീവിതം നയിക്കാൻ സഹായിക്കുന്ന ‘കറേജ് ഇന്റർനാഷണൽ’ എന്ന കത്തോലിക്ക കൂട്ടായ്മയ്ക്ക് ഉൾപ്പെടെ ഈ നിയമനിർമാണത്തിൽ നിന്ന് സംരക്ഷണം ലഭിക്കും. മതപരമായ വിശ്വാസങ്ങൾക്ക് അനുസൃതമായി ജീവിക്കുന്ന സ്വവർഗാനുരാഗ പ്രവണതയുള്ളവരെ സഹായിക്കുന്ന കൂട്ടായ്മകൾ കൺവേർഷൻ തെറാപ്പിയുടെ കീഴിൽ വരില്ലെന്ന് അറ്റോർണി ജനറൽ സ്ഥിരീകരിച്ചു.
ബിൽ പ്രാബല്യത്തിൽ വന്നാൽ ഇത്തരം കൺവേർഷൻ തെറാപ്പി നിയമവിരുദ്ധമായി കണക്കാക്കും. തെറാപ്പിക്ക് വിധേയമാകാൻ ആളുകളെ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.
തെറാപ്പിയുടെ പേരിൽ ഇലക്ട്രിക്ക് ഷോക്ക്, മർദ്ദനം എന്നിവ രോഗികൾ ഏൽക്കുന്നതായി ആരോപണമുയർന്നതിനെതുടർന്നാണ് നിയമനിർമാണം നടത്തുന്നതെന്നാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ വാദം.






























