മെൽബൺ: മെൽബൺ മാർത്തോമ്മാ പള്ളി ഓണം ഫിയസ്റ്റ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ആക്ടിങ് സ്പീക്കറും വിക്ടോറിയൻ പാർലമെന്റ് അംഗവുമായ ലോറൻ കഥാജ് എംപി ആയിരുന്നു മുഖ്യാതിഥി. സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. ജിബിൻ സാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു. നിലവിളക്ക് കൊളുത്തിക്കൊണ്ട് കഥാജ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് റവ. ഫാ. ജിബിൻ സാബു ഓണ സന്ദേശം നൽകി.
മെൽബൺ മാർത്തോമ്മാ പള്ളി വികാരി റവ. ഫിലിപ്പ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രാർഥനയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. സഭാ സെക്രട്ടറി അലക്സ് സെൻ വർഗീസ് അതിഥികളെയും പങ്കെടുത്തവരെയും സ്വാഗതം ചെയ്തു. ഓണം ഫിയസ്റ്റയുടെ കൺവീനർ സൈജു സൈമൺ പരിപാടിയുടെ വിജയത്തിന് സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.
രണ്ട് മീറ്റർ വീതിയുള്ള മനോഹരമായ പൂക്കളം ഓണത്തിന്റെ ചൈതന്യം വിളിച്ചോതി. ഘോഷയാത്ര, പരമ്പരാഗത നൃത്തങ്ങൾ, നാടകങ്ങൾ, പാട്ടുകൾ, ചെണ്ടമേളം, വഞ്ചിപ്പാട്ട് എന്നിവയടക്കമുള്ള കലാപരിപാടികൾ വേദിയിൽ അരങ്ങേറി.































