വിശാഖപട്ടണം: മോൻത ചുഴലിക്കാറ്റ് കര തൊടാനിരിക്കെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. നൂറോളം ട്രെയിനുകൾ റദ്ദാക്കിയെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. റദ്ദാക്കിയവയിൽ പാസഞ്ചർ ട്രെയിനുകൾ മാത്രമല്ല എക്സ്പ്രസ് ട്രെയിനുകളുമുണ്ട്. ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസ് റായ്പൂർ വഴി തിരിച്ചുവിട്ടു.
വിജയവാഡ, രാജമുൻദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകളാണ് പ്രധാനമായും റദ്ദാക്കിയത്. നാളെയും പല ട്രെയിനുകളും ഓടില്ല. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം വിശദമായ സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ റദ്ദാക്കിയ ട്രെയിൻ സർവീസുകൾ പുനരാരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒഡീഷ-ആന്ധ്ര റൂട്ടിലെ നിരവധി സർവീസുകളും നിർത്തിവച്ചിട്ടുണ്ട്.
റെഡ് അലർട്ട്, വിമാനങ്ങളും റദ്ദാക്കി
വിമാന സർവീസുകളെയും മോശം കാലാവസ്ഥ ബാധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം വിശാഖപട്ടണം വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്റെ നിലവിലെ നിലവിലെ സമയക്രമം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.































