ഏകപത്നീ എന്ന പതിവുശീലത്തില്‍ നിന്നെല്ലാം വ്യതിചലിച്ച് കൂടുതല്‍ അനുയോജ്യരായ ഇണകളെ തേടി ആദ്യ പങ്കാളിയെ ഉപേക്ഷിക്കാന്‍ പെന്‍ഗ്വിനുകള്‍ മടിക്കുന്നില്ലെന്ന് പഠനം. ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പെന്‍ഗ്വിനുകളെ കുറിച്ചുള്ള കൗതുകകരമായ ഈ വസ്തുതയുള്ളത്.
ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ ചെറിയ പെന്‍ഗ്വിനുകളെക്കുറിച്ചുള്ള ഈ ഗവേഷണം പക്ഷികളിലെ വേര്‍പിരിയല്‍ ഉള്‍പ്പടെ പാരിസ്ഥിതികവും സാമൂഹികവുമായ ഘടകങ്ങള്‍ പ്രത്യുല്‍പാദനത്തെ എങ്ങനെ സ്വാധീനിച്ചുവെന്ന് ഓസ്‌ട്രേലിയയിലെ മോനാഷ് യൂണിവേഴ്‌സിറ്റിയിയിലെ ഗവേഷകരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. അതിലാണ് പുതിയ കണ്ടെത്തൽ.
അതേസമയം പങ്കാളി മരിച്ചാല്‍ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള റീലുകള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാണ്. എന്നാലിപ്പോള്‍ പെന്‍ഗ്വിന്‍ പോലും പ്രണയ സങ്കീര്‍ണതകളുമായി മല്ലിടുകയാണ്.
പെന്‍ഗ്വിനുകളുടെ വേര്‍പിരിയല്‍ നിരക്കിലെ ആശ്ചര്യകരമായ വര്‍ധന ഗവേഷകരെയും വന്യജീവി പ്രേമികളെയും വരെ ആശ്ചര്യപ്പെടുത്തുകയാണ്. 10 വര്‍ഷങ്ങളിലും 13 ബ്രീഡിങ് സീസണുകളിലും നടത്തിയ പഠനത്തില്‍ പെന്‍ഗ്വിനുകളുടെ പ്രത്യുല്‍പാദനം അപകടത്തിലാണെന്ന് തോന്നുമ്പോള്‍ അവ വഴിപിരിയുന്നതായും പുതിയ ഇണയെ തേടുന്നതായും കണ്ടെത്തി. ആയിരത്തോളം ജോഡികളില്‍ നിന്ന് ഏകദേശം 250 പെന്‍ഗ്വിനുകളാണ് ഇണകളെ പിരിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയത്.
പെന്‍ഗ്വിന്‍ ഇണകളെ വേര്‍പിരിയുന്നത് അപൂര്‍വ്വ സംഭവമാണെങ്കിലും പാരിസ്ഥിതിക ഘടകങ്ങളുമായും പ്രത്യുത്പാദന വെല്ലുവിളികളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യുത്പാദനത്തിലുണ്ടാകുന്ന പരാജയം, പാരിസ്ഥിതിക സമ്മര്‍ദം തുടങ്ങിയവയൊക്കെ പെന്‍ഗ്വിന്‍ ജോഡികളുടെ സ്ഥിരത കുറയ്ക്കും. പ്രത്യുത്പാദനത്തിലുണ്ടാകുന്ന പരാജയങ്ങളും ഭക്ഷ്യക്ഷാമം അല്ലെങ്കില്‍ ആവാസ വ്യവസ്ഥയുടെ അസ്ഥിരത പോലെയുള്ള പാരിസ്ഥിതിക സമ്മര്‍ദങ്ങളും ദീര്‍ഘകാല ബന്ധങ്ങളെ എങ്ങനെയാണ് തകര്‍ക്കുന്നത് എന്നതിന് ഉദാഹരണമാണ് പെന്‍ഗ്വിനുകള്‍ക്കിടയിലെ വേര്‍പിരിയല്‍ എടുത്തുകാട്ടുന്നത്.