കൊച്ചി: കത്തോലിക്ക സഭയിൽ പരമാധികാരം മാർപാപ്പയ്ക്കാണെന്നും മാർപ്പാപ്പയുടെതാണ് അവസാന വാക്കെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കുർബാന തർക്കം തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ബിഷപ്പ് മുന്നോട്ട് വന്നത്. തർക്ക പരിഹാരത്തിന് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തി.
കുർബാന തർക്കത്തിൽ മാർപാപ്പയ്ക്കും തെറ്റ് പറ്റാമെന്നും മാർപാപ്പയുടെ വീഡിയോ തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചതാണെന്നുമെല്ലാമുള്ള വിമത പക്ഷത്തിന്റെ പ്രചാരണത്തിനിടെയാണ് നിലപാട് വ്യക്തമാക്കി എറണാകുളം അങ്കമാലി അതിരൂപത മുൻ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ കൂടിയായ ആൻഡ്രൂസ് താഴത്ത് രംഗത്ത് വന്നത്. സുപ്രീംകോടതി വിധി പോലെയാണ് മാർപാപ്പയുടെ വാക്കുകൾ. സഭയിൽ പരമാധികാരം മാർപാപ്പക്കാണ്.
പ്രശ്നങ്ങൾ തുടരുന്നതിനിടെ തർക്കപരിഹാരത്തിന് മാർപാപ്പ നിയോഗിച്ച പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ കൊച്ചിയിൽ എത്തി. നെടുമ്പാശേരിയിൽ ഇറങ്ങിയ ആർച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയിലെ പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ സ്വീകരിച്ചു. എല്ലാം ചർച്ച ചെയ്യുമെന്ന് ബിഷപ് സിറിൽ വാസിൽ അറിയിച്ചു. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തും. ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കും പ്രധാന ചർച്ച. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന.