ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി. ‘കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7 ലക്ഷം രൂപ പിഴ ഒടുക്കണമെന്നാണ് ഇടുക്കി ജില്ലാകളക്ടർ ഉത്തരവിട്ടിരിക്കുന്നത്. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ച ആളുകൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിതരണം ചെയ്ത എണ്ണ കാലാവധി കഴിഞ്ഞതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ ഒടുക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.