തിരുവനന്തപുരം: കവിയത്രി സുഗതകുമാരിയുടെ ഓര്‍മ്മകളുള്ള തിരുവനന്തപുരത്തെ വീട് സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വീട് വാങ്ങിയവരിൽ നിന്നും സർക്കാർ ഇടപെട്ട് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സൂര്യ കൃഷ്ണമൂർത്തി മുഖ്യമന്ത്രിക്ക് കത്ത് നൽകി.
സുഗതകുമാരിക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നിലനിൽക്കെ തലസ്ഥാന നഗര ഹൃദയത്തിൽ കവി താമസിച്ചിരുന്ന വീട് വിറ്റുപോയത് വലിയ വിവാദമായിരുന്നു. തിരുവനന്തപുരത്ത് കവിക്ക് അനുയോജ്യമായ സ്മാരകം ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാക്കും നടപ്പായിട്ടില്ല. ഇതിനിടക്കാണ് ‘വരദ’ ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും സര്‍ക്കാരിന് മുന്നിലെത്തുന്നത്. അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം മുഖ്യമന്ത്രിക്ക് മുന്നിലും എത്തിയിട്ടുണ്ട്.സാസ്കാരിക നായകര്‍ ഒപ്പിട്ട ഫയൽ ചീഫ് സെക്രട്ടറി നേരത്തെ തന്നെ സാംസ്കാരിക വകുപ്പിന് കൈമാറിയിട്ടുണ്ട്. വീട് കൈമാറാൻ തയ്യാറാണെങ്കിൽ ഏറ്റെടുക്കാൻ ഒരുക്കമെന്നാണ് സാംസ്കാരിക വകുപ്പ് മന്ത്രിയുടേയും പ്രതികരണം. കുടുംബാഗങ്ങളുടെ സഹകരണത്തോടെ സ്മൃതി വനമാണ് പരിഗണനയിലെന്നും സ്ഥലമേറ്റെടുപ്പിൽ ഉദ്യോഗസ്ഥ കാലതാമസം മാത്രമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നു. ഓര്‍മ്മശേഷിപ്പുകൾ ശേഖരിച്ച് സൂക്ഷിക്കണമെന്നും വീട് സുഗതകുമാരിയുടെ സ്മരണ നിലിര്‍ത്തും വിധം സാസാംസ്കാരിക പാരിസ്ഥിതിക കൂട്ടായ്മകൾക്കുള്ള ഇടമാക്കി മാറ്റണെമന്നും പരിസ്ഥിതി സ്നേഹികളും ആവശ്യപ്പെടുന്നു.