കീവ്: യുക്രെയിനില്‍ നിന്ന് അനധികൃതമായി റഷ്യയിലേക്ക് കടത്തിയ 31 കുട്ടികള്‍ തിരികെ നാട്ടിലെത്തി. ഖാര്‍ക്കീവ്, ഖേഴ്സണ്‍ പ്രവിശ്യകളില്‍ നിന്നാണ് കുട്ടികളെ റഷ്യയിലേക്ക് കടത്തിയതെന്ന് സേവ് യുക്രെയിന്‍ ചാരിറ്റി സംഘടന പറയുന്നു.
സംഘടനയാണ് കുട്ടികളെ യുക്രെയിനിലെത്തിച്ചത്.
വെള്ളിയാഴ്ച കുട്ടികളെ അവരുടെ കുടുംബാംഗങ്ങളുടെ അടുത്തേക്ക് എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സംഘടന പുറത്തുവിട്ടു. അധിനിവേശം ആരംഭിച്ചത് മുതല്‍ 19,500 ഓളം കുട്ടികളെ രാജ്യത്ത് നിന്ന് റഷ്യയിലേക്കോ റഷ്യന്‍ നിയന്ത്രിത മേഖലകളിലേക്കോ അനധികൃതമായി കടത്തിയെന്നാണ് യുക്രെയിന്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച റഷ്യ, കുട്ടികളെ യുദ്ധത്തിന്റെ ഭീകരതയില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തതെന്ന് അവകാശപ്പെടുന്നു.
റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസുമായി (എഫ്.എസ്.ബി) ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് കുട്ടികളെ ബന്ധുക്കള്‍ക്ക് കൈമാറിയിരിക്കുന്നത്. റഷ്യയില്‍ അഞ്ച് മാസത്തിനിടെ അഞ്ചിടത്ത് മാറ്റിപ്പാര്‍പ്പിച്ച കുട്ടികള്‍ ഇക്കൂട്ടത്തിലുണ്ടെന്നും തങ്ങളെ എലികള്‍ക്കും പാറ്റകള്‍ക്കുമൊപ്പമാണ് താമസിപ്പിച്ചതെന്ന് ഇതില്‍ ചില കുട്ടകള്‍ പറയുന്നതായും സേവ് യുക്രെയിന്റെ സ്ഥാപകന്‍ മികോല കുലേബ പറയുന്നു. റഷ്യ ഇതിനോട് പ്രതികരിച്ചിട്ടില്ല.
രണ്ട് മാസത്തെ സമ്മര്‍ ക്യാമ്ബെന്ന പേരില്‍ മാതാപിതാക്കളെ സമ്മര്‍ദ്ദം ചെലുത്തിയാണ് റഷ്യന്‍ സൈന്യം അവരുടെ നിയന്ത്രണത്തിലുള്ള ഖേഴ്സണ്‍, ഖാര്‍ക്കീവ് മേഖലകളില്‍ നിന്ന് തങ്ങളെ കടത്തിയതെന്ന് ചില കുട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ ആറ് മാസത്തോളം ക്യാമ്ബില്‍ കഴിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നും ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടിരുന്നെന്നും കുട്ടികള്‍ പറയുന്നു.
മൃഗങ്ങളെ പോലെയാണ് തങ്ങളോട് റഷ്യ പെരുമാറിയതെന്നും കുട്ടികളില്‍ ചിലര്‍ പറയുന്നു. ഇനിയും ആയിരക്കണക്കിന് യുക്രെയിന്‍ കുട്ടികള്‍ റഷ്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മാതാപിതാക്കളോടൊപ്പം കഴിയുന്നവരുമുണ്ട്. ഇവരില്‍ പലരും റഷ്യയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചെന്നാണ് വിവരം.
കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്നുള്‍പ്പെടെയുള്ള യുക്രെയിനിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണെന്ന് കാട്ടി ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞ മാസം റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിഷണര്‍ മരിയ ല്‌വോവ – ബെലോവയ്ക്കെതിരെയും ഇതേ കുറ്റത്തിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.