വത്തിക്കാന്‍ സിറ്റി: യേശുക്രിസ്തുവിന്‍റെ ഉത്ഥാനം മാനവകുലത്തിന്‍റെ പ്രതീക്ഷകള്‍ക്കു പുനര്‍ജന്മം നല്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പ.
ഈസ്റ്റര്‍ദിനത്തില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവില്‍നിന്ന് ‘ഉര്‍ബി എത്ത് ഓര്‍ബി (നഗരത്തിനും ലോകത്തിനും)’ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മരണത്തില്‍നിന്നു ജീവനിലേക്കും പാപത്തില്‍നിന്നു പാപവിമുക്തിയിലേക്കും ഭീതിയില്‍നിന്നു ധൈര്യത്തിലേക്കും ഒറ്റപ്പെടലില്‍നിന്നു കൂട്ടായ്മയിലേക്കുമുള്ള മനുഷ്യവര്‍ഗത്തിന്‍റെ കടന്നുപോക്ക് യേശുവിലൂടെയാണെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. മരണത്തെ തോല്‍പ്പിച്ച കര്‍ത്താവ് മനുഷ്യര്‍ക്കായി ജീവനിലേക്ക് ഒരു പാലം പണിതിരിക്കുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനം സത്യമാണ്. മനുഷ്യവര്‍ഗത്തിന്‍റെ പാതയില്‍ നേരിടുന്ന വെല്ലുവിളികളെ മറികടക്കാമെന്ന പ്രതീക്ഷ ഉത്ഥാനം നല്കുന്നു.
യുക്രെയ്നിലെ ജനങ്ങള്‍ക്കു സമാധാനവും റഷ്യയിലെ ജനങ്ങള്‍ക്ക് ഈസ്റ്ററിന്‍റെ വെളിച്ചവും ലഭിക്കാന്‍ മാര്‍പാപ്പ പ്രത്യേകം പ്രാര്‍ഥിച്ചു. യുദ്ധത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കും മുറിവേറ്റവര്‍ക്കും കര്‍ത്താവ് സാന്ത്വനമേകട്ടെ. സമാധാനം മോഹിക്കുന്ന സിറിയന്‍ ജനതയ്ക്കും ഭൂകന്പത്തിന്‍റെ കെടുതികള്‍ നേരിടുന്ന തുര്‍ക്കി ജനതയ്ക്കും ഇസ്രയേല്‍-പലസ്തീന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനും വേണ്ടി മാര്‍പാപ്പ പ്രാര്‍ഥിച്ചു.
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ദിന ദിവ്യബലി അര്‍പ്പിച്ച ശേഷമാണു മാര്‍പാപ്പ സന്ദേശം നല്കിയത്. സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രവിക്കാനായി ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ എത്തിയിരുന്നു.