മെൽബൺ: രാജ്യത്തെ വ്യാപകമായ കുടിയേറ്റം ഉടൻ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയൻ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുന്നു. വെള്ളക്കാരായ തദ്ദേശീയർ ഓഗസ്റ്റ് 31 നാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത്‌തിരിക്കുന്നത്. ‘രാജ്യം വീണ്ടെടുക്കൻ സമയമായി; സംസ്‌കാരവും പൈതൃകവും സംരക്ഷിക്കപ്പെടേണ്ട നേരമായി എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂറോപ്യൻ രാജ്യങ്ങളുടേതിന് സമാനമായി ഓസ്ട്രേലിയയും പ്രതിഷേധത്തിന് തയ്യാറെടുക്കുന്നത്.
ഓസ്ട്രേലിയൻ നിർമ്മിത വസ്ത്രങ്ങൾ ധരിച്ച് ഓസ്ട്രേലിയൻ പാതകകളുമായി ആളുകൾ പങ്കെടുക്കണം എന്ന നിർദേശങ്ങൾ അടങ്ങിയ പ്രചരണം സോഷ്യൽ മീഡിയയിൽ വ്യാപകമാണ്. അതോടൊപ്പം തദ്ദേശീയരായ അബോർജിനുകളും ടോറിസ്ട്രയിറ്റ് ദ്വീപ് നിവാസികളുമല്ലാത്ത എല്ലാവരും ഓസ്ട്രേലിയയിൽ കുടിയേറ്റക്കാരാണ് എന്ന ക്യാമ്പെയ്‌നും മറ്റൊരു ഭാഗത്ത് സജീവമാണ്.
മെൽബൺ, സിഡ്‌നി, ബ്രിസ്ബൻ, പെർത്ത്, കാൻബറ എന്നി പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം സംഘടിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്. വ്യാപകമായ കുടിയേറ്റം നീയോ-നാസികളുടെ നുഴഞ്ഞ് കയറ്റത്തിന് ഇടയാക്കുമെന്നും രാജ്യത്തെ പിന്നോട്ടടിക്കുമെന്നും മന്ത്രിമാർ മുന്നറിയിപ്പ് നൽകുന്നു. 31 ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന മാർച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യങ്ങളിൽ ക്യാമ്പെയ്‌നുകളും ശക്തമാണ്. മാർച്ച് സംബന്ധിച്ച പ്രചാരണങ്ങൾ ശക്തമാണെങ്കിലും ഇത് സംഘടിപ്പിക്കുന്നത് ആരെന്ന കാര്യം വ്യക്തമല്ല. മാത്രമല്ല രാഷ്ട്രീയ നേതൃത്വം കഴിവുകെട്ടതാണെന്ന ആക്ഷേപവും അനുകൂലിക്കുന്നവർ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അതേസമയം വർഷങ്ങളായി ഇവിടെ തമാസിക്കുന്ന ഓസ്ട്രേലിയൻ പൗരൻമാരായ ഇന്ത്യക്കാർ അടക്കമുള്ള ആളുകൾ പ്രചാരണത്തെ തുടർന്ന് ആശങ്കയിലാണ്. ‘നമ്മുടെ സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ചെറിയൊരു ഓർമ്മപ്പെടുത്തൽ’ എന്ന രീതിയിൽ മലയാളികളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അടക്കം ഇതുസംബന്ധിച്ച നിർദേശങ്ങളും ആശങ്കകളും പ്രചരിക്കുന്നുണ്ട്.
നമ്മുടെ പെരുമാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ആകമാനമാണ് പ്രതിഫലിക്കുന്നത്. ആദിത്ഥ്യം തന്ന രാജ്യത്തെ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ബഹുമാനിക്കണം, നമ്മുടെ സ്വന്തം ഭാഷയിൽ ഉച്ചത്തിലുള്ള സംസാരം ഒഴിവാക്കപ്പെടേണം, പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കാനും മറ്റുള്ളവർക്ക് വേണ്ടി കരുതാനും ഇടയാകണം. ക്യൂ നിൽക്കുന്ന കാര്യം പരിഗണിക്കണം തുടങ്ങി പൊതു ഇടങ്ങളിൽ പാലിക്കേണ്ട നിരവധി കാര്യങ്ങളാണ് സന്ദേശങ്ങളായി പ്രചരിക്കുന്നത്.
കോവിഡാനന്തരം ഓസ്ട്രേലിയയിൽ ഉണ്ടായ വ്യാപകമായ കുടിയേറ്റമാണ് തദ്ദേശീയ യുവാക്കളെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അഫ്‌ഗാനിസ്ഥൻ, പാലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നും അഭയാർത്ഥികളായി വലിയൊരു ജനതയെ ഓസ്ട്രേലിയയിലേയ്ക്ക് എത്തിച്ചതും സംസ്കാരികവും സാമൂഹികവുമായ അസ്വസ്തതയ്ക്ക് ഇടയാക്കിയിട്ടുണ്ട് . കുടിയേറ്റ ജനതയുടെ മര്യാദയില്ലാത്ത പെരുമാറ്റവും തദ്ദേശീയ ജനതയെ അലോസരപ്പെടുത്തുന്നുണ്ട്. റോഡുകളിലും പൊതുഇടങ്ങളില്യം വാഹനങ്ങളിലും എല്ലാം ഈ അലോസരപ്പെടുത്തലുകൾ വർധിച്ച് വരുന്നതായാണ് ആക്ഷേപം.
കുടിയേറ്റക്കാരുടെ കടന്നുവരവോടുകൂടി കുറ്റകൃത്യങ്ങളും വർധിച്ചു. ഇതും തദ്ദേശീയ ജനതയിൽ അസ്വസ്‌തത രൂപപ്പെടാൻ കാരണമായിട്ടുണ്ട്. അടുത്തിടെ ഇന്ത്യൻ വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ഓസ്ട്രേലിയൻ നഗരങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും മറ്റും വലിയ തോതിലുള്ള മോഷണങ്ങൾ നടത്തിയതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.