ഉപഭോക്താക്കളുടെ വിചിത്രവും അനാവശ്യവുമായ റീഫണ്ട് (റീട്ടേൺ) ആവശ്യങ്ങൾക്കെതിരെ നിലപാട് കർശനമാക്കി പ്രമുഖ റീട്ടെയിൽ ശൃംഖലയായ കോസ്റ്റ്കോ (Costco). ഉത്പന്നങ്ങൾ തിരിച്ചേൽപ്പിക്കുന്ന സംവിധാനം ദുരുപയോഗം ചെയ്യുന്ന ഉപഭോക്താക്കളുടെ അംഗത്വം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കമ്പനി നീങ്ങുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാങ്ങി വർഷങ്ങൾ കഴിഞ്ഞ മെത്തകൾ, ആഘോഷങ്ങൾക്ക് ശേഷം ജനുവരിയിൽ തിരിച്ചെത്തിച്ച ഉണങ്ങിപ്പോയ ക്രിസ്മസ് ട്രീകൾ, സൂപ്പർ ബോൾ മത്സരം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസം തിരിച്ചേൽപ്പിച്ച വലിയ ടിവികൾ തുടങ്ങി ഉപഭോക്താക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന തീർത്തും അന്യായമായ റീട്ടേൺ ആവശ്യങ്ങളെക്കുറിച്ച് റീട്ടെയിൽ ജീവനക്കാർ തന്നെ അതൃപ്തി പരസ്യമാക്കുന്നതായി ‘ന്യൂയോർക്ക് പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
ഉപഭോക്താക്കളുടെ സാധനങ്ങൾ വാങ്ങുന്നതും തിരിച്ചേൽപ്പിക്കുന്നതുമായ ചരിത്രം കൃത്യമായി നിരീക്ഷിച്ചാണ് ദുരുപയോഗം നടത്തുന്നവരുടെ അംഗത്വം കോസ്റ്റ്കോ റദ്ദാക്കുന്നത്. എന്നാൽ, ഏത് പരിധി കഴിഞ്ഞാലാണ് വിലക്ക് ഏർപ്പെടുത്തുകയെന്ന മാനദണ്ഡം കമ്പനി പരസ്യപ്പെടുത്തിയിട്ടില്ല. 2029 അവസാനത്തോടെ ആരംഭിക്കുന്ന ബ്രിസ്ബെയ്ൻ എയർപോർട്ട് വെയർഹൗസ് ഉൾപ്പെടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഓസ്‌ട്രേലിയയിൽ 20 പുതിയ സ്റ്റോറുകൾ തുറക്കാൻ കോസ്റ്റ്കോ പദ്ധതിയിടുന്നതിനിടെയാണ് റീഫണ്ട് നയങ്ങൾ സംബന്ധിച്ച ഈ മുന്നറിയിപ്പ് പുറത്തുവന്നിരിക്കുന്നത്.






























