അടിമാലി: മണ്ണിടിച്ചിലിൽ സർവതും നഷ്ടപ്പെട്ട അടിമാലി സ്വദേശിനി സന്ധ്യയ്ക്ക് കൈത്താങ്ങായി മലങ്കര ഓർത്തഡോക്സ് സഭ. നടൻ മമ്മൂട്ടിയുടെ ആവശ്യപ്രകാരം സന്ധ്യയ്ക്ക് പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് സഭ അധികൃതർ അറിയിച്ചു.
കെയർ ആൻഡ് ഷെയർ വാർഷികാഘോഷത്തിൽ സന്ധ്യയുടെ അവസ്ഥ പരിഗണിച്ച് സഹായം ഉറപ്പാക്കണമെന്ന് മമ്മൂട്ടി അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് മലങ്കര സഭ ഇതിന് അനുകൂലമായി നടപടി സ്വീകരിക്കുകയായിരുന്നു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയോടനുബന്ധിച്ച് നിർമ്മിക്കുന്ന 100 ഭവനങ്ങളിൽ ഒന്ന് സന്ധ്യയ്ക്ക് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു.
നിരണം പള്ളിയിൽ നടന്ന സഭയുടെ ‘സഹോദരൻ’ ജീവകാരുണ്യ പദ്ധതി നാലാം വാർഷിക ചടങ്ങിലാണ് പരിശുദ്ധ ബാവാ ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ദുരിതബാധിതർക്കുള്ള ആശ്വാസ പ്രവർത്തനങ്ങളിൽ സഭ തുടർന്നും സജീവമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മണ്ണിടിച്ചിലിൽ എല്ലാം നഷ്ടപ്പെട്ട സന്ധ്യയ്ക്ക് പുതിയ ജീവിതത്തിന്റെ വാതിൽ തുറക്കുന്നതായി ഈ തീരുമാനം വിലയിരുത്തപ്പെടുന്നു.































