റിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുക്കം പൂർത്തിയാക്കി സൗദി അറേബ്യ. സൗദി തലസ്ഥാന നഗരമായ റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് മത്സരത്തിന് വിസിൽ മുഴങ്ങും. നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമിയിലെത്താതെ പുറത്തായെങ്കിലും വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിന്‍റെ ഭാഗമാകാൻ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ. പഞ്ചാബ് -മേഘാലയ, സർവിസസ് -കർണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ പുതുചരിത്രത്തിന്‍റെ ആരവമുയർത്തുക.