സിഡ്നി: സിഡ്നിയിലെ പ്രവാസി സമൂഹത്തിന്റെ ഓണാഘോഷ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് SIAA–IOC ‘ഇന്ത്യൻ ഓണം 2026’. South Indian Cultural Association of Australia (SIAA), Indian Overseas Congress (IOC) Australia എന്നിവർ സംയുക്തമായി ഓഗസ്റ്റ് 23-ന് ഗ്രാൻവില്ലിൽ സംഘടിപ്പിച്ച മഹാമേളയിൽ 1700-ലധികം പേർ പങ്കെടുത്തു.


ഫെഡറൽ എംപി Dr. Andrew Charlton, Gabe Kavanagh, പ്രശസ്ത നടി Vimala Raman, IOC National President Manoj Sharon എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യം ആഘോഷത്തിന് മാറ്റുകൂട്ടി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടുംബങ്ങളും ശ്രീലങ്കൻ സമൂഹത്തിൽ നിന്നുള്ളവരും പങ്കെടുത്തതോടെ പരിപാടി സാംസ്കാരിക ഐക്യത്തിന്റെ വലിയ വേദിയായി.




അമൃത സുരേഷിന്റെ സംഗീതവിരുന്നിൽ ആവേശമായി സിഡ്നി

Vivid Entertainments അവതരിപ്പിച്ച ‘അമൃതംഗമ’ ലൈവ് ഷോയിൽ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരും സംഘവും സദസ്സിനെ ആവേശത്തിലാഴ്ത്തി. ലോക്കൽ കലാകാരന്മാരുടെ നൃത്ത-സാംസ്കാരിക പരിപാടികളും ആഘോഷത്തിന് വർണ്ണപ്പകിട്ടേകി. ജ്യോതി റിനീഷ്, ശ്രുതി സുനിൽ, ദിവ്യ സജിത് എന്നിവർ പരിപാടികൾ മനോഹരമായി നിയന്ത്രിച്ചു.



1700+ പേർക്ക് വിഭവസമൃദ്ധമായ ഓണസദ്യ
മഹാമേളയുടെ പ്രധാന ആകർഷണമായിരുന്നു 1700-ലധികം പേർക്ക് ഒരുക്കിയ പരമ്പരാഗത ഓണസദ്യ. ഒരേസമയം ഏകദേശം 250 പേർക്ക് മാത്രമായിരുന്നു ഇരിപ്പിട സൗകര്യമെന്നതിനാൽ വിവിധ ബാച്ചുകളിലായി വൈകുന്നേരം 3.45 വരെ സദ്യ തുടർന്നു. Sydney Navodaya പ്രവർത്തകരുടെ മികച്ച സേവനവും ഏകോപനവും സദ്യയുടെ വിജയത്തിൽ നിർണായകമായി.

SIAA പ്രസിഡന്റ് ആന്റണി യേശുദാസ്, സെക്രട്ടറി ഷൈബു സി. ബാലൻ എന്നിവരുടെ നേതൃത്വത്തിൽ SIAA–IOC ടീമും വോളണ്ടിയർമാരും നടത്തിയ മാസങ്ങളായുള്ള കൂട്ടായ പരിശ്രമമാണ് മഹാമേളയുടെ വിജയത്തിന് പിന്നിൽ.

1700+ പേരെ ഒരേ വേദിയിൽ അണിനിരത്തി കേരളീയ പാരമ്പര്യവും ഇന്ത്യൻ സാംസ്കാരിക വൈവിധ്യവും ആഘോഷിച്ച ‘ഇന്ത്യൻ ഓണം 2026’, സിഡ്നിയിലെ പ്രവാസി സമൂഹത്തിന് അഭിമാനത്തോടെ ഓർക്കാവുന്ന ചരിത്ര നിമിഷമായി മാറി.

പരിപാടിയുടെ വിജയത്തിനായി ഒപ്പം നിന്ന അതിഥികൾ, കലാകാരന്മാർ, സ്പോൺസർമാർ, വോളണ്ടിയർമാർ, സംഘടനകൾ, കുടുംബങ്ങൾ തുടങ്ങി എല്ലാവർക്കും SIAA–IOC ടീം ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി.






























