കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ പൊതുജനാരോഗ്യ മേഖലയിൽ ശസ്ത്രക്രിയകൾക്കായുള്ള കാത്തിരിപ്പ് സമയത്തിൽ പ്രകടമായ പുരോഗതിയെന്ന് പുതിയ റിപ്പോർട്ടുകൾ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് എണ്ണം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ (Elective Surgeries) പൂർത്തിയാക്കിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതേസമയം, കാൻബറയിലെ ആരോഗ്യ വകുപ്പിന്റെ ചുമതല പുതിയ മന്ത്രി മരീസ പാറ്റേഴ്സൺ (Marisa Paterson) ഏറ്റെടുക്കാനൊരുങ്ങുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2025-26) കാൻബറയിൽ ആകെ 17,569 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനം (ഏകദേശം 1,000 സർജറികൾ) കൂടുതലാണ്.ഇതിൽ 30 ശതമാനത്തോളം രോഗികൾ എ.സി.ടിക്ക് (ACT) പുറത്തുള്ള സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.ഗവൺമെന്റിന്റെ 100 മില്യൺ ഡോളർ നിക്ഷേപവും സെൻട്രലൈസ്ഡ് ഓപ്പറേഷൻസ് സെന്ററിന്റെ മികച്ച പ്രവർത്തനവുമാണ് ഈ നേട്ടത്തിന് കാരണമായത്.
ശസ്ത്രക്രിയയ്ക്കായി നിശ്ചിത സമയപരിധി കഴിഞ്ഞും കാത്തിരിക്കുന്ന രോഗികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇത് രണ്ടായിരത്തിലധികമായിരുന്നെങ്കിൽ ഇപ്പോൾ 1,274 ആയി കുറഞ്ഞു (ഏകദേശം 37% കുറവ്).ഏറ്റവും അടിയന്തിരമായി ചെയ്യേണ്ട ഒന്നാം വിഭാഗം (Category 1) ശസ്ത്രക്രിയകളുടെ കാത്തിരിപ്പ് പട്ടിക ജനുവരിയിലെ 100-ൽ നിന്നും ജൂൺ അവസാനത്തോടെ 14 ആയി കുറയ്ക്കാൻ സാധിച്ചു.
കഴിഞ്ഞ ഏഴ് വർഷമായി ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി റേച്ചൽ സ്റ്റീഫൻ-സ്മിത്ത് (Rachel Stephen-Smith) ഒഴിഞ്ഞതിനെ തുടർന്നാണ് മരീസ പാറ്റേഴ്സൺ പുതിയ ആരോഗ്യ മന്ത്രിയായി വരുന്നത്. മുൻ മന്ത്രി തുടങ്ങിവെച്ച മികച്ച പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും, ജീവനക്കാരുടെ യൂണിയൻ ചർച്ചകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്നും പുതിയ മന്ത്രി അറിയിച്ചു.
എങ്കിലും, ഇപ്പോഴും ആയിരത്തിലധികം ആളുകൾ സർജറിക്കായി കാത്തിരിക്കുന്നുണ്ടെന്നും, ഈ മാറ്റങ്ങൾ വെറും താല്ക്കാലികം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് മാർക്ക് പാർട്ടിൻ (Mark Parton) വിമർശിച്ചു.































