ജോർജിയയില്‍ വാടക ഗർഭധാരണ കേന്ദ്രങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയ മൂന്ന് സ്ത്രീകളുടെ വെളിപ്പെടുത്തല്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തായ്‍ലന്‍ഡില്‍ നിന്നും മനുഷ്യക്കടത്തിന് ഇരയായി ജോർജിയയിലെ വാടക ഗർഭധാരണ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ടവരാണ് ഇവരെന്നാണ് വെളിപ്പെടുത്തില്‍. വാടക ഗര്‍ഭധാരണമെന്ന് വിശ്വസിപ്പിച്ച് ജോർജിയയില്‍ എത്തിച്ച സ്ത്രീകളില്‍ നിന്നും അണ്ഡം ശേഖരിച്ച് അനധികൃത മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് സംഘം ചെയ്തിരുന്നതെന്നും സ്ത്രീകൾ വെളിപ്പെടുത്തി.
സംഘത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ സ്ത്രീകൾ, തങ്ങൾ ചൈനീസ് ക്രിമിനലുകളുടെ അനധികൃത അണ്ഡ വ്യാപാരത്തിന്‍റെ ഇരകളാണെന്ന് അവകാശപ്പെട്ടു. 60 മുതല്‍ 70 വരെ സ്ത്രീകളുള്ള ഒരു വീട്ടലാണ് തങ്ങളെയും പാര്‍പ്പിച്ചിരുന്നത്. അവിടെ വച്ച് ചികിത്സയ്ക്കായി ഹോർമോണുകൾ കുത്തിവെപ്പുകൾ എടുത്തെന്നും അനസ്തേഷ്യ നല്‍കിയെന്നും ഇവര്‍ പറയുന്നു. അനസ്തേഷ്യ നല്‍കിയ ശേഷം യന്ത്രസഹായത്തോടെ സ്ത്രീകളുടെ സമ്മതമില്ലാതെ തന്നെ അണ്ഡം ശേഖരിക്കുകയാണ് രീതി. തങ്ങളെ ‘കന്നുകാലികളെ പോലെയാണ് പരിഗണിച്ചിരുന്നത്’ എന്ന് സംഘത്തിലുണ്ടായിരുന്ന ഒരു യുവതി പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
വാടക ഗര്‍ഭധാരണത്തിന് സ്ത്രീകളെ ആവശ്യമുണ്ടെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് ഏജന്‍റിനെ വിളിച്ചതെന്നും അവര്‍ ഏകദേശം 10 മുതൽ 15 ലക്ഷം രൂപ വരെ വരുമാനം വാഗ്ദാനം ചെയ്തിരുന്നെന്നും രക്ഷപ്പെട്ട യുവതികളിലൊരാൾ പറഞ്ഞു. എന്നാല്‍, പരസ്യത്തില്‍ പറഞ്ഞതൊന്നുമല്ല ജോര്‍ജിയയില്‍ ഉണ്ടായിരുന്നത്. അവിടെ പീഡനം മാത്രമായിരുന്നു. തങ്ങളെ എത്തിച്ച വീട്ടില്‍ ഉണ്ടായിരുന്ന സ്ത്രീകളാണ് തൊഴില്‍ കരാറുകളോ അമ്മയാകലോ ഒന്നും അവിടെയില്ലെന്ന് പറഞ്ഞത്.
പിന്നാലെ ഭയന്ന് പോയ തങ്ങൾ വീട്ടുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പവേന ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് വുമണ്‍ എന്ന സംഘടനയുടെയും ഇന്‍റര്‍പോളിന്‍റെയും സഹായത്തോടെ അനധികൃത അണ്ഡ ഉത്പാദന കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും സ്ത്രീകളിലൊരാൾ പറഞ്ഞു. ഇവരുടെ സ്വകാര്യതെ സൂക്ഷിക്കുന്നതിനായി മാസ്ക്കും തൊപ്പിയും ധരിച്ചാണ് മൂന്ന് സ്ത്രീകളും വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. പവേന ഫൗണ്ടേഷൻ ഫോർ ചിൽഡ്രൻ ആൻഡ് വുമണിന്‍റെ റിപ്പോര്‍ട്ടുകൾ പ്രകാരം 2024 ൽ 257 തായ്‍ലൻഡുകാർ മനുഷ്യക്കടത്തിന് ഇരയായി. 53 എണ്ണം തായ്‍ലൻഡിലും 204 പേരെ മറ്റ് രാജ്യങ്ങളിൽ നിന്നുമാണ് കണ്ടെത്തിയത്. ഇവരില്‍ 152 പേരെ ഇതുവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.