സിഡ്നി: ഓസ്ട്രേലിയയിൽ 16 വയസു വരെയുള്ള കുട്ടികൾക്കിടയിൽ സോഷ്യൽ മീഡിയാ ഉപയോഗം നിരോധിക്കാനുള്ള ഫെറഡൽ സർക്കാർ നീക്കങ്ങൾ ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ ചൂടുപിടിക്കുന്നു. 16 വയസിന് താഴെയുള്ളവരെ ഓൺലൈൻ അപകടങ്ങളിൽ നിന്ന് സംരക്ഷിക്കാനും കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങൾ എത്തുന്നത് തടയുകയുമാണ് സർക്കാർ ലക്ഷ്യം. സമീപകാലത്ത് സിഡ്‌നിയിലെ ഒരു പള്ളിയിലും പെർത്തിലും നടന്ന തീവ്രവാദപ്രേരിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങളാണ് സർക്കാരിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്. സർക്കാരിൻ്റെ ശ്രമങ്ങൾക്ക് സമൂഹത്തിന്റെ നാനഭാഗങ്ങളിൽ നിന്ന് പിന്തുണയേറുന്നുണ്ട്.
പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടണും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ 100 ദിവസത്തിനകം നിരോധനം നടപ്പാക്കുമെന്ന് അദ്ദേഹം ഒരു പടികൂടി കടന്ന് പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ നീക്കങ്ങൾ വേഗത്തിലായി.
സോഷ്യൽ മീഡിയാ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെയും സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന വിലയിരുത്തരിലാണ് ഫെഡറൽ സർക്കാർ . കുട്ടികളുടെ പ്രവർത്തനങ്ങളിലും പെരുമാറ്റത്തിലും സോഷ്യൽ മീഡിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് മാതാപിതാക്കളും അധ്യാപകരും പങ്കുവയ്ക്കുന്ന ആശങ്കകളും സർക്കാർ അതിവ ഗൗരവത്തോടെയാണ് കാണുന്നത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനും അക്കൗണ്ടുകൾ തുറക്കാനുള്ള പ്രായം 13ൽ നിന്ന് 16 ആക്കാന്യമുള്ള ക്യാമ്പയ്‌നെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനിസിയും പ്രതിപക്ഷവും പിന്തുണയ്ക്കുന്നുണ്ട്. പ്രായം സ്ഥിരീകരിക്കുന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിനായി ഫെഡറൽ ഗവൺമെന്റ് 6.5 ദശലക്ഷം ഓസ്ട്രേലിയൻ ഡോളർ അനുവദിക്കുകയും ചെയ്‌തു.
അതേസമയം, സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾ കൂടുതൽ കർശനമായ പ്രായ പരിശോധനാ പ്രക്രിയകൾ നടപ്പാക്കുമ്പോൾ അത് കുട്ടികളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്































