മാഡ്രിഡ്: ഇസ്രായേലിലേക്ക് ആയുധങ്ങളുമായി പോകുന്ന കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടാന്‍ സ്പെയിന്‍ അനുമതി നിഷേധിച്ചതായി വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരസ് പറഞ്ഞു.
മെയ് 21ന സ്പെയിനിലെ തുറമുഖമായ കാര്‍ട്ടജീനയിയില്‍ നങ്കൂരമിടാന്‍ കപ്പല്‍ അധികൃതര്‍ അനുമതി തേടിയിരുന്നു. കപ്പലില്‍ ഇന്ത്യയില്‍ നിന്നുള്ള 27 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ആണ് ഉള്ളതെന്ന് തുര്‍ക്കി മാധ്യമമായ ടി.ആര്‍.ടി വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ ഹൂത്തികള്‍ക്ക് ആധിപത്യമുള്ള ചെങ്കടലിലെ കപ്പല്‍ പാത വഴി ഇസ്രായേലിലേക്ക് പ്രവേശിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് കപ്പല്‍ സ്പെയിന്‍ വഴി ഇസ്രായേലിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഒക്ടോബറില്‍ ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലിലേക്കുള്ള എല്ലാ ആയുധങ്ങളുടെയും കയറ്റുമതി നിരോധിക്കാനുള്ള സ്പെയിനിന്റെ നയത്തിന്റെ ഭാഗമായാണ് സ്പാനിഷ് തുറമുഖങ്ങളില്‍ ഇസ്രായേല്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ അനുമതി നിഷേധിച്ചത്. സ്പാനിഷ് തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ ആഗ്രഹിക്കുന്ന ഇസ്രായേലിലേക്ക് ആയുധങ്ങള്‍ കൊണ്ടുപോകുന്ന എല്ലാ കപ്പലിനും ഇതു തന്നെയാകും നിയമം. ഇത് സ്ഥിരതയുള്ള നയമായിരിക്കും. വ്യക്തമായ ഒരു കാരണത്താല്‍ വിദേശകാര്യ മന്ത്രാലയം ഇത്തരം ആവശ്യങ്ങള്‍ നിരസിക്കും. പശ്ചിമേഷ്യക്കിപ്പോള്‍ കൂടുതല്‍ ആയുധങ്ങള്‍ അല്ല ആവശ്യം. അവിടെ കൂടുതല്‍ സമാധാനം ആണ് വേണ്ടത്’ മാനുവല്‍ അല്‍ബാരസ് പറഞ്ഞു.
ഇസ്രായേലിന്റെ ഗസ ആക്രമണത്തെ നിശിതമായി വിമര്‍ശിക്കുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ പ്രധാനിയാണ് സ്പെയിന്‍. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുക എന്ന ആശയത്തിന് പിന്നില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അണിനിരത്താനും സ്പെയിന്‍ യത്നിക്കുന്നുണ്ട്. ഗസക്കെതിരെ സൈനിക ആക്രമണം ആരംഭിച്ചതിനെത്തുടര്‍ന്ന് സ്പെയിന്‍ ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു.