കാൻബെറ: മാരക വിഷമുള്ള ഫണല്‍ – വെബ് ചിലന്തികളെ പിടികൂടാൻ ജനങ്ങളുടെ സഹായം തേടി ഓസ്ട്രേലിയൻ മൃഗശാല. ലോകത്തെ ഏറ്റവും അപകടകാരികളായ ചിലന്തി സ്പീഷിസുകളില്‍ ഒന്നാണിവ.ജീവൻ രക്ഷാർത്ഥമുള്ള ആന്റി വെനം തയ്യാറാക്കുന്നതിന് ഓസ്ട്രേലിയൻ റെപ്‌റ്റൈല്‍ പാർക്കാണ് ഫണല്‍ – വെബ് ചിലന്തികളെ തേടുന്നത്.
രാജ്യത്ത് ഫണല്‍ – വെബ് സ്പൈഡർ ആന്റി വെനം ഉത്പാദിപ്പിക്കുന്ന ഏക ഇടമാണ് ന്യൂസൗത്ത്‌വെയ്ല്‍സിലുള്ള പാർക്ക്. ഫണല്‍ – വെബ് ചിലന്തികള്‍ മുട്ടയിട്ട് പെരുകുന്ന സീസണ്‍ ആയതിനാലാണ് അധികൃതർ ജനങ്ങളുടെ സഹായം തേടിയത്. എല്ലാവർഷം നവംബറിലും പാർക്ക് ഇത്തരത്തില്‍ ജനങ്ങളുടെ സഹായം അഭ്യർത്ഥിക്കാറുണ്ട്. പിടികൂടുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അധികൃതർ പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശത്തില്‍ പറയുന്നുണ്ട്.
ഏകദേശം 150 ചിലന്തികളെ കിട്ടിയാലേ ഒരു വയല്‍ ആന്റി വെനം തയ്യാറാക്കാൻ കഴിയൂ. സിഡ്നിയിലും സമീപ പ്രദേശങ്ങളിലുമാണ് ഫണല്‍ – വെബ് ചിലന്തികള്‍ ഏറ്റവും കൂടുതലുള്ളത്. 33 വർഷങ്ങള്‍ക്ക് മുമ്ബാണ് ഫണല്‍ – വെബ് ചിലന്തിയുടെ കടിയെ അതിജീവിക്കാനുള്ള ആന്റിവെനം ഉത്പാദിപ്പിച്ചു തുടങ്ങിയത്. അതിന് മുമ്ബ് ന്യൂസൗത്ത്‌വെയ്ല്‍സില്‍ ഫണല്‍ – വെബ് ചിലന്തിയുടെ കടിയേറ്റ് 13 മരണങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്റി വെനമുള്ളതിനാല്‍ ഇപ്പോള്‍ മരണങ്ങള്‍ സംഭവിക്കുന്നില്ല. വീടിനകത്തും പുറത്തും തണുപ്പുള്ള സ്ഥലങ്ങളിലാണ് ഫണല്‍ – വെബ് ചിലന്തിയുടെ ആവാസകേന്ദ്രം. ഷൂവിനുള്ളില്‍ കയറി പതുങ്ങിയിരിക്കുന്ന സ്വഭാവവും ഇവയ്ക്കുണ്ട്.
അതേ സമയം, ഹൃദയാഘാതം സംഭവിക്കുന്നവരുടെ ജീവൻ സംരക്ഷിക്കാനുള്ള ഫലപ്രദമായ മരുന്നും ഫണല്‍ – വെബ് ചിലന്തിയുടെ വിഷത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മരുന്ന് നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഹൃദയാഘാതത്തിന് പിന്നാലെ കോശങ്ങളുടെ മരണത്തിലേക്ക് നയിക്കുന്ന അപായ സന്ദേശം ശരീരം പുറപ്പെടുവിക്കുന്നത് തടയാൻ ഈ വിഷം സഹായിക്കുന്നുണ്ടെന്നാണ് യൂണിവേഴ്സിറ്റി ഒഫ് ക്വീൻസ്‌ലൻഡിലെ ഗവേഷകരുടെ കണ്ടെത്തല്‍.
ഫണല്‍ – വെബ് ചിലന്തിയില്‍ നിന്ന് ഇവർ വേർതിരിച്ചെടുത്ത പ്രോട്ടീന് ഹൃദയാഘാതത്തിന്റെ സമ്മർദ്ദത്തില്‍ അകപ്പെട്ട ഹൃദയ കോശങ്ങളെ നിർജീവമാകുന്നതില്‍ നിന്ന് തടയാൻ സാധിക്കുമത്രെ.സ്ട്രോക്കിനെതിരെയും ഫണല്‍ വെബ് സ്പൈഡറിന്റെ വിഷം ഫലപ്രദമാണെന്ന് നേരത്തെ നടന്ന ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.






























