സ്‍പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്കിനെതിരെ ആഞ്ഞടിച്ച് ഇസ്രായേല്‍. ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ സാറ്റലൈറ്റ് വഴിയുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ എതിര്‍പ്പറിയിച്ച് രംഗത്തുവന്നത്.
എല്ലാ അര്‍ത്ഥത്തിലും മസ്‌കിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാര്‍ഹി അറിയിച്ചു. ഇന്റര്‍നെറ്റ് സേവനം ഹമാസ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം ആരോപിച്ചു.
‘ഗസയിലെ അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍ക്കായുള്ള കണക്ടിവിറ്റിക്ക് സ്റ്റാര്‍ ലിങ്ക് പിന്തുണയ്ക്കും,’ എന്ന് എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌ക് അറിയിച്ചത്. എന്നാല്‍, സേവനം എന്നുമുതലാണ് ലഭ്യമാവുകയെന്നതില്‍ വ്യക്തതയില്ല. റഷ്യൻ അധിനിവേശ സമയത്ത് യുക്രൈനിലും മസ്ക് സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയിരുന്നു.ഇന്റര്‍നെറ്റ് ലഭ്യമാക്കിയാല്‍ സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നാണ് ഇസ്രായേല്‍ വിദേശകാര്യമന്ത്രിയുടെ ഭീഷണി. ‘ഇതിനെതിരെ പോരാടാൻ ഇസ്രായേല്‍ എല്ലാ മാര്‍ഗവും സ്വീകരിക്കും. ഹമാസ് അത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്നതില്‍ സംശയമില്ല. അത് ഞങ്ങള്‍ക്കറിയാം. മസ്‌കും മനസിലാക്കണം. ഹമാസ് ഐ.എസ്.ഐ.എസാണ്. ഇന്‍റര്‍നെറ്റ് നല്‍കിയാല്‍ സ്റ്റാര്‍ലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കും. ‘ – മസ്കിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഷ്‌ലോമോ കാര്‍ഹി കുറിച്ചു.