കണ്ണൂർ: കണ്ണൂരിൽ പതിമൂന്ന് വയസ്സുള്ള കുട്ടിയെ കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനം ഉയരുന്നു. ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ് 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത്. ചടങ്ങിന്റെ ഭാഗമായി തെയ്യം തീ കനലിൽ ചാടുന്ന വീഡിയോ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസുമെടുത്തു.
ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലാണ് പെരും കളിയാട്ടത്തിന്റെ ഭാഗമായി കുട്ടിയെക്കൊണ്ട് തീയിൽ ചാടുന്ന തീ ചാമുണ്ഡി തെയ്യം കെട്ടിച്ചത്. സംഘാടകരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്. രണ്ടാൾ പൊക്കത്തിലുള്ള മേലേരിക്ക് അടുത്തേക്ക് പോകാൻ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. തെയ്യം കഴിഞ്ഞതിനു ശേഷം കുട്ടിയെ അവശനായി കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനം ഉയർന്നത്