അമൃത ടിവി ‘സൂപ്പർ അമ്മയും മകളും സീസൺ 2’ റിയാലിറ്റി ഷോയിൽ വിജയികളായി മെൽബൺ മലയാളി. മെൽബണിൽ താമസമാക്കിയ വിദ്യ വിനുവും മകൾ വേദിക നായരുമാണ് റിയാലിറ്റി ഷോയിൽ ടൈറ്റിൽ വിന്നറായത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ടെലികാസ്റ്റ് ആരംഭിച്ച ഷോയുടെ ഗ്രാൻഡ് ഫിനാലെ ഈ വർഷം വിഷു ദിനത്തിലായിരുന്നു.
സൂപ്പർ അമ്മയും മകളും റിയാലിറ്റി ഷോയുടെ ഓഡീഷൻ റീൽ സുഹൃത്ത് അയച്ച് തന്നത് വഴിയാണ് ഇരുവരും ഷോയിലേക്ക് വരുന്നത്. ഷോയിൽ പങ്കെടുക്കാനായി മെസേജുകൾ അയച്ചിട്ടും റിപ്ലെ കിട്ടാത്തത് കൊണ്ട് വിദ്യ അമൃത ടിവിയിലേക്ക് നേരിട്ട് വിളിക്കുകയും അത് വഴി ഷോ പ്രോഡൂസറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നേരത്തെ ചെയ്ത റീലുകൾ അയക്കുകയും ഓൺലൈനായി ഒരു ഇൻ്റർവ്യൂയും കഴിഞ്ഞാണ് ഷോയിലേക്ക് എത്തുന്നത്. പിന്നീട് ഷോയുടെ ഷെഡൂൾ അനുസരിച്ച് ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. അതിനിടയ്ക്ക് ഡാൻസ് പ്രാക്ടീസിനിടെ വിദ്യയുടെ കാലിന് പരിക്ക് പറ്റുകയും ഡോക്ടേഴ്സ് 3 മാസം ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനേയും മറിക്ടന്ന് ഷോയിൽ തുടരുന്നതിനിടെ വിദ്യയുടെ കണ്ണിന് പരിക്കേറ്റിരുന്നു.
പിന്നീട് വിദ്യയെ കാത്തിരുന്ന പ്രതിസന്ധി ജോലി ആയിരുന്നു. ഷോയ്ക്ക് വേണ്ടി ഇടയ്ക്കിടെയുള്ള അവധികൾ ജോലിയെ ബാധിക്കുകയും ജോലി രാജി വെക്കേണ്ടി വരികയും ചെയ്തു. പ്രതിസന്ധികളിലൊന്നും തളരാതെ മുന്നോട്ട് പോയ വിദ്യയേയും മകളേയും കാത്തിരുന്നത് ടൈറ്റിൽ വിന്നർ പട്ടവും.
തിരുവനന്തപുരം സ്വദേശിനിയായ വിദ്യ വിവാഹശേഷമാണ് വിദേശത്തേക്ക് പോകുന്നത്. ആദ്യം സിംഗപ്പൂരും പിന്നീട് അവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുകയായിരുന്നു. വേദിക ഹിൽക്രിസ്റ് ക്രിസ്ത്യൻ കോളേജിലാണ് പഠിക്കുന്നത്. ഭർത്താവ്: വിനു.






























