ഓസ്‌ട്രേലിയയിൽ ആദ്യം രൂപംകൊണ്ട മാർത്തോമാ ദേവാലയമായ സിഡ്‌നി ബെഥേൽ മാർത്തോമാ ഇടവക പുതിയതായി നിർമിച്ച ദേവാലയത്തിന്റെ കൂദാശ മാർച്ച് 9 ശനിയാഴ്ച നടക്കും.രാവിലെ 09.30 നു നടക്കുന്ന കൂദാശ കർമ്മങ്ങൾക്കു സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ് റവ. ഡോ . തിയഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത കാർമികത്വം വഹിക്കും. ഭദ്രാസനാധ്യക്ഷൻ റൈറ്റ് റവ. ഡോ . ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ സഹകാർമികനായിരിക്കും.ഓസ്‌ട്രേലിയയിലെ വിവിധ മാർത്തോമാ ഇടവകകളുടെ വികാരിമാരും സഹോദരി സഭകളുടെ വൈദികരും കൂദാശകര്മങ്ങളിൽ പങ്കാളികളാകും.തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സഭാ മേലധ്യക്ഷന്മാരും സംബന്ധിക്കും.ഹോസ്‌ലി പാർക്കിൽ ഇടവക സ്വന്തമാക്കിയ ഏഴരയേക്കർ സ്ഥലത്താണ് പുതിയ ദേവാലയം നിർമ്മിച്ചിരിക്കുന്നത്. 1991 ൽ രൂപീകൃതമായ ഇടവകയിൽ ഇന്നു മുന്നൂറ്റിഅന്പതിലധികം കുടുംബങ്ങൾ അംഗങ്ങളായിട്ടുണ്ട് . വികാരി റവ .ഈപ്പൻ മാത്യുവിന്റെ നേതൃത്വത്തിൽ കൂദാശ ക്രമീകരണങ്ങൾക്കായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.






























