സിഡ്നി: അക്രമിയോടു ക്ഷമിക്കുന്നുവെന്ന് ഓസ്ട്രേലിയയില്‍ പള്ളിയിൽ കത്തിയാക്രമണത്തിന് ഇരയായ സിഡ്നിയിലെ അസീറിയൻ ക്രിസ്ത്യൻ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന് മാർ ഇമ്മാനുവേൽ. താൻ വേഗം സുഖം പ്രാപിക്കുന്നുണ്ടെന്നും ബിഷപ് അറിയിച്ചു.
യൂട്യുബിൽ റിലീസ് ചെയ്ത ശബ്ദസന്ദേശത്തിലൂടെയാണ് തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ് വ്യക്തമാക്കിയത്. “ഈ പ്രവൃത്തി ചെയ്തവരോടു ഞാൻ ക്ഷമിക്കുന്നു. അവനോടു ഞാൻ പറയുന്നു, നീ എന്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കായി എപ്പോഴും പ്രാർഥിക്കും. ഇതു ചെയ്യാൻ നിന്നെ അയച്ചവരോടും ഞാൻ ക്ഷമിക്കുന്നു’-ബിഷപ് പറഞ്ഞു.
തിങ്കളാഴ്ചയാണു ബിഷപ്പിനുനേരേ ആക്രണമുണ്ടായത്. 16കാരനായ ഭീകരൻ ബിഷപ്പിന്റെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ പള്ളിയുടെ പുറത്ത് അക്രമങ്ങൾ അരങ്ങേറിയതോടെ ശാന്തത പാലിക്കണമെന്ന് ബിഷപ് ആവശ്യപ്പെട്ടിരുന്നു.നൂറുകണക്കിനാളുകളാണ് ഇവിടേക്കെത്തിയത്. സംഭവം ഭീകരാക്രമണമെന്ന് സിഡ്നി പോലീസ് അറിയിച്ചു. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് കമ്മീഷണർ അറിയിച്ചു.






























