സിഡ്നി: ഷോപ്പിങ് മാളിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അക്രമിയെ തിരിച്ചറിഞ്ഞു. 40കാരനായ ജോയൽ കൗച്ചിയാണ് കത്തിയാക്രമണം നടത്തിയത്.
വടക്കുകിഴക്കൻ സംസ്ഥാനമായ ക്വീൻസ്‌ലാൻഡിൽ നിന്നാണ് ഇയാൾ എത്തിയതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ആന്‍റണി കുക്ക് അറിയിച്ചു. അക്രമിക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. എന്ത് പ്രേരണയാലാണ് ആക്രമണം നടത്തിയത് എന്നത് സംബന്ധിച്ച് തെളിവൊന്നും കിട്ടിയിട്ടില്ല. ഇയാൾ മാത്രമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
സിഡ്നിയിലെ തിരക്കേറിയ വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാളിലാണ് ആറു പേർക്ക് ജീവൻ നഷ്ടപ്പെട്ട കത്തിയാക്രമണം ഉണ്ടായത്. അക്രമിയെ പൊലീസ് ഉദ്യോഗസ്ഥ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.






























