സിഡ്നി: ഓസ്‌ട്രേലിയയിലേക്ക് നിയമവിരുദ്ധമായി ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ (CAM) കടത്തിയ കേസിൽ സിഡ്നി സ്വദേശിയായ 52 കാരന് 28 മാസത്തെ തടവുശിക്ഷ വിധിച്ചു. സിഡ്നി ഡൗണിംഗ് സെന്റർ ഡിസ്ട്രിക്റ്റ് കോടതിയാണ് ഈ ശിക്ഷ പ്രഖ്യാപിച്ചത്. ശിക്ഷാകാലയളവിൽ 14 മാസം പൂർത്തിയാക്കിയ ശേഷമേ ഇയാൾക്ക് പരോളിന് അർഹതയുണ്ടാവുകയുള്ളൂ.
2025 ജൂണിലാണ് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് (ABF) ഇൻവെസ്റ്റിഗേറ്റർമാർ ഇയാളെ അറസ്റ്റ് ചെയ്യുന്നത്. വിമാനമിറങ്ങിയ ഇയാളെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോഴാണ് ലാപ്ടോപ്പിലും ഫോണിലും വൻതോതിൽ ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ കണ്ടെത്തിയത്. കൂടാതെ തന്റെ ഷൂസിനുള്ളിലും അടിവസ്ത്രങ്ങൾക്കുള്ളിലുമായി പ്രതി നിരവധി ഹാർഡ് ഡ്രൈവുകളും ഒളിപ്പിച്ചിരുന്നു.
അറസ്റ്റിന് ശേഷം ജാമ്യം നിഷേധിക്കപ്പെട്ട പ്രതി കഴിഞ്ഞ കുറച്ചുമാസങ്ങളായി റിമാൻഡിലായിരുന്നു. തുടർന്നാണ് 2026 ഫെബ്രുവരിയിൽ കോടതിയിൽ വെച്ച് ഇയാൾ കുറ്റം സമ്മതിച്ചത്. ഓസ്‌ട്രേലിയൻ കസ്റ്റംസ് നിയമപ്രകാരവും ക്രിമിനൽ കോഡ് നിയമപ്രകാരവും താഴെ പറയുന്ന ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്:
-വിലക്കുള്ള ചൈൽഡ് അബ്യൂസ് മെറ്റീരിയലുകൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്തു.
-ഇത്തരം ദൃശ്യങ്ങൾ കൈമാറ്റം ചെയ്യാനും കാണാനും ശ്രമിച്ചു.
-ഡിജിറ്റൽ ഉപകരണങ്ങളിൽ ഇവ സൂക്ഷിച്ചുവെച്ചു.
കുട്ടികളെ ലൈംഗിക വൈകൃതങ്ങൾക്കായി ഉപയോഗിക്കുന്നതും അത്തരം ദൃശ്യങ്ങൾ കൈവശം വെക്കുന്നതും ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്ന് ABF ഇൻവെസ്റ്റിഗേഷൻസ് സൂപ്രണ്ട് ഷോൺ ബേക്കർ വ്യക്തമാക്കി. രാജ്യത്തിന്റെ അതിർത്തികൾ വഴി ഇത്തരം അപകടകരമായ ഉള്ളടക്കങ്ങൾ വരുന്നത് തടയാൻ കർശന പരിശോധന തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുപോലെയുള്ള അതിർത്തി ലംഘനങ്ങളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ അത് ബോർഡർ വാച്ച് (Border Watch) ഓൺലൈൻ പോർട്ടൽ വഴി റിപ്പോർട്ട് ചെയ്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ സഹായിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.































