ഭൂമിയിൽ നാനാ തരം ജീവജാലങ്ങളും വസ്തുക്കളും ഒക്കെ ഉണ്ടെങ്കിലും മനുഷ്യർക്കാണ് സാധാരണയായി നിയമപരമായ പരിരക്ഷകളും അവകാശങ്ങളും ഒക്കെയുള്ളത്. എന്നാൽ, ന്യൂസിലാൻഡിലെ ഒരു കൊടുമുടിക്കും മനുഷ്യർക്ക് ഉള്ളത് പോലുള്ള നിയമപരമായ വ്യക്തിത്വം അനുവദിച്ചു നൽകിയിരിക്കുകയാണ്. രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ തരാനകി മൗംഗയ്ക്ക് (Taranaki Mounga) ആണ് സവിശേഷമായ ഈ അവകാശങ്ങൾ ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകൾ പ്രകാരം തരാനകി മൗംഗയ്ക്ക് ഇപ്പോൾ ഒരു വ്യക്തിയെപ്പോലെ നിയമപരമായ അവകാശങ്ങളും പരിരക്ഷകളും ഉണ്ട്.
തരാനകി മാവോറിയും ഇവിടുത്തെ ഗോത്ര സമൂഹങ്ങളും തമ്മില്‍ ആഴത്തിലുള്ള സാംസ്കാരികവും ആത്മീയവുമായ ബന്ധത്തിന്‍റെ അംഗീകാരമായാണ് സർക്കാരിന്‍റെ ഈ തീരുമാനം. നൂറുകണക്കിന് ആദിവാസി ഗോത്ര സമൂഹ അംഗങ്ങളാണ് ബില്ലിന്‍റെ അന്തിമ അംഗീകാരത്തിന് സാക്ഷികളായത്. പർവതത്തിന്‍റെ വ്യക്തിത്വം അംഗീകരിക്കുന്ന ബിൽ പാർലമെന്‍റിലെ 123 അംഗങ്ങളും ഏകകണ്ഠമായാണ് അംഗീകരിച്ചത്.
നിയമപരമായ പരിരക്ഷകൾ ഉറപ്പാക്കിയ ബില്ല് പാസാക്കിയതോടൊപ്പം തന്നെ പർവ്വതത്തിന്‍റെ കൊളോണിയൽ നാമമായ ‘മൗണ്ട് എഗ്‌മോണ്ടി’നെ ഔദ്യോഗികമായി തന്നെ മാറ്റി പ്രാദേശിക മാവോറി നാമമായ ‘തരാനകി മൗംഗ’ എന്ന് പുനർനാമകരണം ചെയ്തു. ബില്ല് പാസാക്കിയതോടെ ഇനി മുതൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഈ പർവ്വതത്തിന് ഉണ്ടായിരിക്കും. ഒപ്പം പർവ്വതത്തിന്‍റെ നിയമപരമായ സംരക്ഷണം സർക്കാർ ഉറപ്പാക്കും. 2014 -ൽ ടെ യുറേവേരയ്ക്കും (മുൻ ദേശീയ ഉദ്യാനം) 2017 -ൽ വാംഗനുയി നദിക്കും ശേഷം നിയമപരമായ വ്യക്തിത്വം നൽകുന്ന ന്യൂസിലാന്‍റിലെ മൂന്നാമത്തെ പ്രകൃതിദത്ത സവിശേഷതയാണ് തരാനാക്കി. പ്രകൃതി സവിശേഷതകളെ നിയമപരമായി തന്നെ വ്യക്തികളെ പോലെ അംഗീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ന്യൂസിലൻഡ്.