കൊല്ലങ്കോട്: ക്ലാസ്സിൽ അധ്യാപകർ പകർന്ന പാഠങ്ങൾ മനസ്സിൽ കുറിച്ചിട്ട ആദിവാസി പെൺകുട്ടി ഇനി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായി അധ്യാപകർക്കു മാർഗ്ഗനിർദ്ദേശം നൽകും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തിൽനിന്നുള്ള ആദ്യ എഇഒ ആയി ഷോളയൂർ മട്ടത്തുകാട്ടിലെ ഡി. സൗന്ദര്യ (28) കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചുമതലയേറ്റു.
എസ് ഡി വിഭാഗത്തിൽ പെട്ടവർക്കായി പി എസ് സി സംസ്ഥാനതലത്തിൽ നടത്തിയ ഹെഡ്മാസ്റ്റർ/എഇഒ സ്പെഷ്യൽ റിക്രൂട്ട്മെൻ്റിൽ ഒന്നാം റാങ്കുകാരിയായിരുന്നു സൗന്ദര്യ. 2023 സെപ്റ്റംബർ 18ന് വയനാട്ടിലെ മേപ്പാടി ഗവൺമെൻറ് സ്കൂളിൽ പ്രധാനാധ്യാപികയായി ആദ്യ നിയമനം ലഭിച്ചു. തുടർന്ന് പൊതുസ്ഥലം മാറ്റത്തിൽ കൊല്ലങ്കോട്ടെത്തി.
ഇരുളർ വിഭാഗത്തിൽപ്പെട്ട സൗന്ദര്യ ഷോളയൂർ മട്ടത്തുകാട് ജി ടി എച്ച് സ്കൂൾ, അഗളി ജിവി എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. ജില്ലാ സ്കൂൾ കലോത്സവത്തിൽ തമിഴ് വിഭാഗത്തിൽ കലാതിലകമായിരുന്നു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദവും, ബിരുദാനന്തര ബിരുദവും നേടിയ സൗന്ദര്യ തൃശൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഡ്യൂക്കേഷനിൽ നിന്ന് ബിഎഡു൦ നേടി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ, ലാബ് അസിസ്റ്റൻ്റ് തുടങ്ങിയ പരീക്ഷകളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടെങ്കിലും പഠിച്ചതിനനുസരിച്ചുള്ള ജോലി നേടണമെന്ന ചിന്തയിലാണ് പി എസ് സി സ്പെഷ്യൽ റിക്രൂട്ട്മെൻ്റിന് അപേക്ഷിച്ചത്.
അട്ടപ്പാടി അഹാഡ്സിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇക്കോ ക്ലബ്ബിൻറെ ഭാഗമായി ലഭിച്ച വ്യക്തിത്വ വികസന, നൈപുണ്യ പരിശീലനങ്ങൾ ജീവിതത്തിൽ നിർണായകമായതായി സൗന്ദര്യ പറയുന്നു.പി. ദുരൈ രാജ്- എ൦ ജ്യോതി മണി ദമ്പതികളുടെ മകളാണ്. കോയമ്പത്തൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ വെമ്പല്ലൂർ എരട്ടോടു സ്വദേശി സി.സുരേഷാണ് ഭർത്താവ്.