ഫീസുകൾ പരിഷ്കരിച്ചും നികുതി ഇതര വരുമാനം കൂട്ടിയും പരമാവധി പണം കണ്ടെത്താനുള്ള വിവിധ ശുപാർശകൾ സർക്കാർ പരിശോധിക്കും. ശുപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26 ന് മുൻപ് ഉത്തരവ് പുറത്തിറക്കും. ഇതിലെ പരാതികൾ പരിഹരിക്കാൻ ഉദ്യോഗസ്ഥ തല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനിടെ വർധിപ്പിച്ച നിരക്കുകൾ വീണ്ടും കൂട്ടില്ല. വിദ്യാർത്ഥികൾ പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർദ്ധന ബാധകമാകില്ല. കെട്ടിട നിർമ്മാണ പെർമിറ്റ്, ഇന്ധന സെസ് തുടങ്ങിയ വിവിധ മേഖലകളിൽ നടപ്പാക്കിയ നിരക്ക് വർദ്ധന വലിയ പ്രതിഷേധത്തിന് കാരണമായെങ്കിലും വീണ്ടും സമാനപരിഷ്കാരങ്ങൾ കൊണ്ടുവരാനാണ് നീക്കം.
നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച കുടിശിക നിവാരണത്തിന് പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കേന്ദ്ര സഹായത്തിൽ ഈ വർഷവും കുറവുണ്ടായാൽ പുറത്തെടുക്കുമെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച ‘പ്ലാൻ ബി’ ഇതാണെന്നാണ് വിവരം. പദ്ധതികൾ നിർത്തലാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യുന്നത് വഴി ലാഭിക്കുന്ന പണം ക്ഷേമപെൻഷനും ഡിഎ കുടിശികയും അടക്കമുള്ളവ വിതരണം ചെയ്യാൻ ഉപയോഗിക്കും. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി കണക്കിലെടുത്ത് വികസനത്തെക്കാൾ ക്ഷേമത്തിനു സർക്കാർ ഊന്നൽ നൽകാൻ തീരുമാനിച്ചെന്നതിന്റെ തെളിവാണ് ഈ തീരുമാനങ്ങൾ.
കേന്ദ്ര നടപടികൾ കാരണമുണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്താൻ മന്ത്രിസഭയാണു തീരുമാനമെടുത്തത്. ഇതിനായി ധന, റവന്യൂ, വ്യവസായ, ജലവിഭവ, ഊർജ്ജ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരടങ്ങുന്ന ഉപസമിതി രൂപീകരിച്ചു തുടരുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകും. മുൻപ് അനിവാര്യത പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധന, ആസൂത്രണ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മറ്റിയും രൂപീകരിക്കും. വകുപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് അനന്തമായി പദ്ധതികൾ നീളുന്നത് പരിഹരിക്കാൻ ധന, നിയമ, റവന്യൂ മന്ത്രിമാരെ ഉൾപ്പെടുത്തി മറ്റൊരു ഉപസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഉപസമിതി കൂടിയാലോചനകളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ പ്രത്യേക ക്ഷണിതാക്കളായിരിക്കു൦. സ്മാർട്ട് സിറ്റി ഉൾപ്പെടെയുള്ള പദ്ധതികളെക്കുറിച്ചും ജലജീവ ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും വിവിധ വകുപ്പുകൾ തമ്മിൽ പലവട്ടം തർക്കങ്ങൾ ഉടലെടുത്തത് ഇവ അനന്തമായി നീണ്ടുപോകാൻ ഇടയാക്കിയതിനെ തുടർന്നാണ് നടപടി.






























