ഇന്ന് പ്രണയദിനമാണ്, അഥവാ പ്രണയികളുടെ ദിനം -വാലന്റൈൻസ് ഡേ. എന്നാൽ, ഒരു ഭാര്യയും ഭർത്താവും തമ്മിൽ തയ്യാറാക്കിയിരിക്കുന്ന ഒരു കരാറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
വീട്ടിൽ പാലിക്കേണ്ടുന്ന ചില നിയമങ്ങളാണ് ഈ കരാറിൽ പറയുന്നത്. കരാർ കാണുമ്പോൾ മനസിലാവുന്നത് ഭർത്താവ് ക്രിപ്‌റ്റോകറൻസി ട്രേഡിംഗ് ആപ്പുകളിൽ സജീവമാണ് എന്നാണ്. ശുഭമാണ് കരാറിലെ പാർട്ടി 1, ഭാര്യ അനയ പാർട്ടി 2 ഉം. രണ്ടാളും തമ്മിലുള്ള ഈ കരാർ ലംഘിച്ചു കഴിഞ്ഞാൽ അതിന്റെ പരിണിത ഫലങ്ങൾ അല്പം പ്രശ്നമാണ്. ഈ നിയമങ്ങൾ ലംഘിച്ചാൽ വരുന്ന മാസങ്ങളിലെ മുഴുവൻ വീട്ടുജോലികളും നിയമം ലംഘിക്കുന്നവർ ചെയ്യേണ്ടി വരും.
നിയമങ്ങളിൽ ശുഭം പാലിക്കേണ്ടതായി പറയുന്നത്, ഡൈനിങ് ടേബിളിൽ ട്രേഡിംഗ് മാർക്കറ്റിനെ കുറിച്ച് ഒന്നും പറയരുത് എന്നാണ്. അതുപോലെ ബെഡ്‍റൂമിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറയാൻ അനുവാദമില്ല. ‘എന്റെ ബ്യൂട്ടി കോയിൻ’, ‘എന്റെ ക്രിപ്റ്റി പൈ’ തുടങ്ങിയ വാക്കുകൾ ഭാര്യ അയനയെ വിളിക്കാൻ ഉപയോഗിക്കരുത്. രാത്രി 9 മണിക്ക് ശേഷം ഇത്തരം ആപ്പുകളിലോ യൂട്യൂബ് വീഡിയോ കാണുന്നതിലോ സമയം ചെലവഴിക്കരുത്. ഇതൊക്കെയാണ് ശുഭം പാലിക്കേണ്ടുന്ന നിയമങ്ങൾ.
അനയ പാലിക്കേണ്ടുന്ന നിയമങ്ങൾ ഇവയൊക്കെയാണ്: അമ്മയെ ശല്ല്യപ്പെടുത്തുന്നതിന് ശുഭത്തിനെ കുറ്റം പറയാതിരിക്കുക, വഴക്കിടുമ്പോൾ ശുഭത്തിന്റെ മുൻകാമുകിയെ അതിൽ വലിച്ചിടാതിരിക്കുക, വില കൂടിയ സ്കിൻ കെയർ പ്രൊഡക്ട് വാങ്ങാതിരിക്കുക, രാത്രിയിൽ സ്വിഗിയിൽ നിന്നും സൊമാറ്റോയിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാതിരിക്കുക.