ബ്രിസ്‌ബെയ്ൻ : നവോദയ ബ്രിസ്ബെയ്ന്റെ നേതൃത്വത്തിൽ ഗ്രീൻ ബാങ്ക് കമ്മ്യൂണിറ്റി സെൻ്ററിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. വഞ്ചിപ്പാട്ടും ആർപ്പുവിളികളുമായി മാവേലിക്ക് ഊഷ്മള വരവേൽപ്പ് നൽകിയാണ് ആഘോഷത്തിന് തുടക്കമിട്ടത്.
കുട്ടികളും മുതിർന്നവരും ചേർന്ന് മനോഹരമായ പൂക്കളവുമൊരുക്കി. കേരളത്തിന്റെ തനത് വസ്ത്രങ്ങളണിഞ്ഞായിരുന്നു കുട്ടികളും സ്ത്രീകളും പുരുഷന്മാരും ആഘോഷത്തിൽ പങ്കെടുത്തത്. ബ്രിസ്ബെയ്ന‍് സിറ്റി കൗൺസിലും കേരള സാരി ധരിച്ചെത്തിയാണ് ഓണാഘോഷം ഉദ്ഘാടനം ചെയ്തത്.
തിരുവാതിര കളി, ഓണപ്പാട്ട്, വഞ്ചിപ്പാട്ട് എന്നിവയ്ക്ക് പുറമേ സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വടംവലിയും ഓണാഘോഷത്തിന് ആവേശം പകർന്നു. നവോദയയുടെ അംഗങ്ങൾ വീടുകളിൽ തയാറാക്കിയ ഓണ വിഭവങ്ങൾ സദ്യയ്ക്ക് രുചികൂട്ടി.
കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം പാട്ടും ക്ലാസ്സിക്കൽ നൃത്തവും, നാടൻ പാട്ടുകളും അരങ്ങേറി. ഓണാഘോഷ പരിപാടിയിൽ സിറ്റി കൗൺസിലർമാരായ നതിലി വിൽക്കോക്ക് , പേ അഗസ്റ്റിൻ , ഫെഡറേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് പ്രീതി സുരാജ് എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. നവോദയ പ്രസിഡന്റ് മിനി അനിൽ സ്വാഗതവും സെക്രട്ടറി ജെറിൻ നന്ദിയും പറഞ്ഞു.