മാൾട്ട: മാൾട്ടയിൽ ഹോർനെറ്റുകളുടെ എണ്ണം വർധിക്കുന്നത് തേനീച്ച വളർത്തുന്നവരെ ആശങ്കയിലാക്കുന്നു. സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ തേനീച്ചക്കൂടുകൾ ഒന്നിന് പിന്നാലെ ഒന്നായി നശിച്ചേക്കുമെന്ന് തേനീച്ച വളർത്തുന്നവർ മുന്നറിയിപ്പ് നൽകി.തേനീച്ചകളെ വേട്ടയാടുന്ന ഹോർനെറ്റുകൾ മാൾട്ടയുടെ വിവിധ ഭാഗങ്ങളിൽ കൂടുതലായി കാണപ്പെടുന്നുണ്ടെന്നാണ് തേനീച്ച വളർത്തുന്നവരുടെ പറയുന്നത്. ഇവ കൂട്ടമായി തേനീച്ചക്കൂടുകൾക്ക് സമീപമെത്തി തേനീച്ചകളെ പിടികൂടുന്നതോടെ കോളനികൾ ദുർബലമാകുകയാണ്.
ഹോർനെറ്റുകളുടെ ആക്രമണം ശക്തമാകുമ്പോൾ തേനീച്ചകൾ കൂടിന് പുറത്തേക്ക് ഭക്ഷണം തേടി പോകാൻ പോലും മടിക്കും. ഇതോടെ തേനീച്ചക്കൂടിന്റെ പ്രവർത്തനം താളം തെറ്റുകയും ഒടുവിൽ മുഴുവൻ കോളനിയും ഇല്ലാതാകാനുള്ള സാധ്യതയുമുണ്ട്.
“ഇങ്ങനെ തുടർന്നാൽ തേനീച്ചകളെല്ലാം ചത്തുപോകും” എന്ന ആശങ്കയാണ് ചില തേനീച്ച വളർത്തുന്നവർ പങ്കുവയ്ക്കുന്നത്. പ്രശ്നം കൂടുതൽ വ്യാപിക്കുന്നതിന് മുമ്പ് ഹോർനെറ്റുകളുടെ കൂടുകൾ കണ്ടെത്തി നീക്കം ചെയ്യുകയും അവയുടെ എണ്ണം നിയന്ത്രിക്കുകയും വേണമെന്നാണ് അവരുടെ ആവശ്യം.
ഇത് തേനീച്ച വളർത്തുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൂക്കളിൽ പരാഗണം നടത്തുന്നതിലൂടെ കൃഷിയിലും പ്രകൃതിയിലും പ്രധാന പങ്ക് വഹിക്കുന്നവയാണ് തേനീച്ചകൾ. അതിനാൽ തേനീച്ചകളുടെ എണ്ണം കുറയുന്നത് പരിസ്ഥിതിയെയും ബാധിക്കാം.ഹോർനെറ്റുകളുടെ വ്യാപനം തടയാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നും, തേനീച്ച വളർത്തുന്നവർക്ക് ആവശ്യമായ സഹായവും സംരക്ഷണവും നൽകണമെന്നും മേഖലയിലുള്ളവർ ആവശ്യപ്പെട്ടു.


























