സിഡ്നി: ഇസ്രയേൽ-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സിഡ്നിയിൽ പലസ്തീൻ അനുകൂല പ്രകടനത്തിന് അനുമതി നൽകി ന്യൂ സൗത്ത് വെയിൽസ് സർക്കാർ. ശനിയാഴ്ച സിഡ്നി ടൗൺ ഹാളിൽ നിന്ന് ആരംഭിച്ച് ബെൽമോർ പാർക്കിലേക്കാണു മാർച്ച് നടത്തുന്നത്. രണ്ടാഴ്ച തടഞ്ഞുവച്ചതിനു ശേഷം തങ്ങൾക്ക് മാർച്ച് നടത്താനുള്ള അനുമതി ലഭിച്ചതായി പരിപാടിയുടെ സംഘാടകരായ പലസ്തീൻ ആക്ഷൻ ഗ്രൂപ്പ് സിഡ്നി സമൂഹ മാധ്യമത്തിൽ കുറിച്ചു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന ഓസ്ട്രേലിയയുടെ ദേശീയ നയത്തിനു വിരുദ്ധമായാണ് രാജ്യത്ത് ഹമാസ് അനുകൂല പ്രകടനങ്ങൾ നടക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച സിഡ്നിയിലെ ഹൈഡ് പാർക്കിൽ ആയിരത്തിലധികം പേർ പങ്കെടുത്ത റാലി നടന്നിരുന്നു. പോലീസ് അനുമതിയില്ലാതെ നടന്ന പ്രകോപനപരമായ പ്രകടനത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി പോലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചു. അതിനു മുൻപ് സിഡ്നി ഓപ്പറ ഹൗസിൽ നടന്ന വിവാദ പ്രകടനത്തിൽ പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു. ഇസ്രയേൽ പതാക കത്തിച്ചതിനും യഹൂദവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനുമാണ് അറസ്റ്റ്. ഈ പ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ശനിയാഴ്ച റാലിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് വിദ്വേഷപരമായ പ്രസംഗമോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ അതിശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് കമ്മീഷണർ കാരെൻ വെബ് പറഞ്ഞു. നിയമം ലംഘിക്കുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുമെന്നും അവർ മുന്നറിയിപ്പു നൽകി. വിദ്വേഷ പ്രസംഗത്തോട് പൊലീസിന് ഒട്ടും സഹിഷ്ണുത ഉണ്ടായിരിക്കില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ മാൽ ലാനിയൻ മുന്നറിയിപ്പ് നൽകി.
ശനിയാഴ്ച്ച നടക്കുന്ന പരിപാടിയിൽ 800- ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. അടുത്ത ആഴ്ച 17 പ്രതിഷേധ പരിപാടികളും പൊതുസമ്മേളനങ്ങളും നടക്കാൻ സാധ്യതയുള്ളതായി പോലീസ് പ്രതീക്ഷിക്കുന്നു.
അതേസമയം, പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും എന്നാൽ വിദ്വേഷ പ്രസംഗങ്ങളോട് പോലീസ് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ചില ആളുകളിൽ നിന്ന് വളരെ മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പൊതു ഇടത്തിൽ വിദ്വേഷം പ്രകടിപ്പിക്കാനും വിദ്വേഷ പ്രസംഗം നടത്താനും ആർക്കും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യഹൂദവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയും പാലസ്തീൻ പതാകകൾ ഉയർത്തിയും നിരത്തുകൾ കീഴടക്കിയുമുള്ള പ്രതിഷേധങ്ങളിൽ എതിർപ്പും ഉയരുന്നുണ്ട്.