സിഡ്നി: മരുമകള്‍ വിളമ്ബിയ കാട്ടുകൂണ്‍ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.ആസ്ത്രേലിയയിലാണ് സംഭവം.ഉച്ചഭക്ഷണത്തിനൊപ്പം വിളമ്ബിയ കാട്ടുകൂണ്‍ കഴിച്ചാണ് മരണം. സംഭവത്തില്‍ എറിൻ പാറ്റേഴ്സണ്‍ എന്ന യുവതിക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഹെതര്‍ (66), ഗെയില്‍ (70), ഡോണ്‍(70) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇയാൻ (68) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു,
ജൂലൈ 29 നാണ് സംഭവം നടന്നത്. നാലുപേരടങ്ങുന്ന സംഘം ഉച്ച ഭക്ഷണത്തിനായി മരുമകളുടെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. മെല്‍ബണില്‍ നിന്ന് തെക്കുകിഴക്കുള്ള ലിയോംഗാത്തയിലെ മരുമകള്‍ എറിൻ പാറ്റേഴ്സന്റെ വീട്ടില്‍ ഗെയിലും ഡോണ്‍ പാറ്റേഴ്സണും ഉച്ചഭക്ഷണത്തിനായി എത്തി. ഗെയിലിന്റെ സഹോദരി ഹെതറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം, നാലുപേര്‍ക്കും കടുത്ത വയറുവേദന അുഭവപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേര് മരിച്ചു. നാലാമത്തെയാള്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഉച്ചഭക്ഷണത്തിന് രണ്ട് കുട്ടികളും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്ക് അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്ന് വിക്ടോറിയ പോലീസ് ഹോമിസൈഡ് സ്ക്വാഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മരിച്ചവര്‍ക്ക് വിളമ്ബിയതില് നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നാണ് കരുതുന്നതെന്ന് ഇൻസ്പെക്ടര്‍ ഡീൻ തോമസ് പറഞ്ഞു. ഭക്ഷണം പാകം ചെയ്ത മരുമകള്‍ക്കും ഒരു അസുഖമുണ്ടായിരുന്നില്ല. ഇതേതുടര്‍ന്നാണ് 48 കാരിയായ മരുമകളെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും താൻ ആരെയും കൊലപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്.
അതിഥികള്‍ക്ക് എന്ത് ഭക്ഷണമാണ് നല്കിയതെന്നോ കൂണ് എവിടെ നിന്ന് ലഭിച്ചതെന്നോ വെളിപ്പെടുത്താനും യുവതി തയ്യാറായിട്ടില്ല. തുടര്‍ന്ന് കുറ്റമൊന്നും ചുമത്താതെ പൊലീസ് അവളെ വിട്ടയച്ചു.എങ്കിലും അവര്‍ സംശയനിഴലിലാണെന്നും കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുൻകരുതലെന്ന നിലയില്‍ കുട്ടികളെ ‘താത്കാലികമായി’ വീട്ടില്‍ നിന്ന് മാറ്റിയതായി പൊലീസ് അറിയിച്ചു.