സ്റ്റോക്‌ഹോം: ഇക്കൊല്ലത്തെ രസതന്ത്ര നോബല്‍ പുരസ്‌കാരം മൂന്നു ശാസ്ത്രജ്ഞര്‍ പങ്കിടുമ്പോള്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സര്‍വകലാശാലയ്ക്കും അഭിമാന നിമിഷം. മെല്‍ബണില്‍ നടത്തിയ ഗവേഷണത്തിനാണ് ബ്രിട്ടീഷുകാരനായ റിച്ചാര്‍ഡ് റോബ്‌സന്‍ ലോകത്തിലെ ഏറ്റവുമധികം വിലമതിക്കപ്പെടുന്ന പുരസ്‌കാരം സ്വന്തമാക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനൊപ്പം ജപ്പാനില്‍ നിന്നുള്ള സുസുമു കിറ്റാഗവയും ജോര്‍ഡാനില്‍ നിന്നുള്ള മുവന്നിസ് യാഗിയും പുരസ്‌കാരം പങ്കിടുന്നു. അഭയാര്‍ഥി ക്യാമ്പില്‍ ജനിച്ചു വളര്‍ന്ന് ഗവേഷണ മേഖലയിലെത്തിയ പലസ്തീനിയെന്ന സവിശേഷത യാഗിയുടെ പുരസ്‌കാര ലബ്ധിയെയും വേറിട്ടതാക്കുന്നു.
ആധുനിക രസതന്ത്രത്തില്‍ നിരവധി പ്രയോഗരൂപങ്ങള്‍ക്കു വഴിതെളിച്ച മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്ക് എന്ന സങ്കല്‍പത്തില്‍ അടിസ്ഥാന ഗവേഷണം നടത്തിയതിനാണ് ഇവര്‍ മൂവര്‍ക്കുമായി രസതന്ത്രനോബല്‍ പങ്കിട്ടു നല്‍കിയിരിക്കുന്നത്. സുസുമു ജപ്പാനിലെ ക്യോട്ടോ സര്‍വകലാശാലയിലും യാഗി കാലിഫോര്‍ണിയ സര്‍വകലാശാലയിലുമാണ് ഗവേഷണം നടത്തിയത്. ലോഹ അയോണുകളെ ഓര്‍ഗാനിക് തന്മാത്രകള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച് പ്രത്യേക പദാര്‍ഥമാക്കി മാറ്റുന്നതിലൂടെ നിരവധി പ്രയോഗ സാധ്യതകളുള്ള പുതിയ വസ്തു വികസിപ്പിക്കാന്‍ സാധിക്കുമെന്നതാണ് ഇവരുടെ ഗവേഷണത്തിന്റെ കാതല്‍. ധാരാളം അറകളോടെ സൃഷ്ടിക്കപ്പെടുന്ന ഈ പദാര്‍ഥത്തില്‍ വെള്ളവും വാതകങ്ങളുമൊക്കെ സംഭരിച്ചു സൂക്ഷിക്കുന്നതിനു സാധിക്കും. ഈ ഗവേഷണ ശാഖയ്ക്കു തുടക്കം കുറിക്കുന്നത് മെല്‍ബണ്‍ സര്‍വകലാശാലയില്‍ റോബ്‌സനായിരുന്നു. പിന്നീട് മറ്റു രണ്ടുപേരും ഇതിനെ കൂടുതല്‍ വികസിപ്പിക്കുകയാണ് ചെയ്തത്. പലസ്തീനില്‍ നിന്ന് അഭയാര്‍ഥിയായി ജോര്‍ദാനിലെത്തി അവിടുത്തെ അഭയാര്‍ഥി ക്യാമ്പിലെ ഒറ്റമുറി വീട്ടില്‍ ജനിച്ചു വളര്‍ന്നാണ് യാഗി പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയിലെത്തുന്നത്.